Uncategorized

വീട്ടുമുറ്റങ്ങളിൽ കാട്ടാനകൾ ഉറക്കം നഷ്ടപ്പെട്ട് ആറളം അയ്യൻകുന്ന് നിവാസികൾ

ഇരിട്ടി: വീട്ടുപറമ്പുകളിലും വീട്ടു മുറ്റങ്ങളിലും നിത്യേന എത്തുന്ന കാട്ടാനകളുടെ ഭീഷണിയിൽ ഉറക്കം നഷ്ടപ്പെട്ടുകഴിയുകയാണ് അറളം, അയ്യൻകുന്ന് പഞ്ചായത്തുകളിലെ മലയോര നിവാസികൾ. മേഖലയിലെ ജനവാസ കേന്ദ്രങ്ങളിൽ ഇപ്പോൾ കാട്ടാനകൾ ഇറങ്ങാത്ത ദിവസമില്ല. മുൻപ് മാസങ്ങളിൽ ഒന്നോ രണ്ടോ തവണമാത്രം ഇറങ്ങിയിരുന്നു കാട്ടാനകൾ ഇപ്പോൾ നിത്യ സന്ദർശകരായി മാറിയിരിക്കയാണ്.
വന മേഖലയിൽ നിന്നും അഞ്ചു കിലോമീറ്ററിലധികം അകലെയുള്ള ജനവാസ മേഘാലയായ ആറളം പെരുമ്പഴശ്ശിയിൽ ശനിയാഴ്ച്ച പുലർച്ചെ വീട്ടുമുറ്റത്തെത്തിയ രണ്ട് കാട്ടാനകൾ ഏറെനേരം ഭീതി വിതക്കുകയും കൃഷിയിടങ്ങളിൽ വ്യാപക കൃഷിനാശവും വരുത്തി. മേഖലയിലെ കെ.പി. നജീബ്, കെ.കെ. റിജു, അബ്ദുൾ റഹ്‌മാൻ, അബൂബക്കർ എന്നിവരുടെ വീട്ടുമുറ്റത്തും പറമ്പിലുമാണ് രണ്ട് ആനകൾ എത്തി വ്യാപകമായ നാശം വരുത്തിയത്. ശനിയാഴ്ച്ച പുലർച്ചെ നാലുമണിയോടെ വീട്ടുമുറ്റത്തുനിന്നും ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നപ്പോഴാണ് ആന മുറ്റത്ത് നില്ക്കുന്നത് ശ്രദ്ധയിൽപ്പെട്ടതെന്ന് വീട്ടുകാർ പറഞ്ഞു. വീട്ടുമുറ്റത്തെ തെങ്ങും വാഴയും കമുങ്ങുമെല്ലാം വ്യാപകമായി നശിപ്പിച്ചു.അടുത്ത വീടുകളിലും പറമ്പുകളിലുമായി എത്തിയ ആനകൾ വനപാലക സംഘം എത്തി തുരത്തുന്നതുവരെ കാർഷിക വിളകൾ നശിപ്പിക്കുന്നത് തുടർന്നു.
ആറളം ഫാമിൽ നിന്നും തുരത്തുന്ന ആനകൾ രണ്ടൊ മൂന്നോ ദിവസങ്ങൾക്കുള്ളിൽ വീണ്ടും കൃഷിയിടത്തിലേക്ക് തന്നെ തിരിച്ചെത്തുന്നു. ഇവിടെ നിന്നും എത്തുന്ന കാട്ടാനകളാണ് സമീപ പ്രദേശത്തെ കൃഷിയിടങ്ങളിലും എത്തുന്നത്. ഓപ്പറേഷൻ ഗജമുക്തി നടപ്പാക്കിയിട്ടും ഫാമിൽ ആനകളുടെ എണ്ണം കൂടി വരികയാണ്. ഫാമിൽ ഭക്ഷണത്തിന് ക്ഷാമം നേരിടുമ്പോൾ പുഴകടന്ന് ആറളം പഞ്ചായത്തിലെ ജനവാസ മേഖലയായ പറമ്പത്തെക്കണ്ടി, പെരുംമ്പഴശ്ശി, വട്ടപ്പറമ്പ്, മേഖലകളിലേക്കും മുഴക്കുന്ന് പഞ്ചായത്തിലെ അയ്യപ്പൻക്കാവ്, പാലപ്പുഴ, കൂടലാട് മേഖലകളിലേക്കും ഇവ ഇറങ്ങി വ്യാപകനാശം ഉണ്ടാക്കുകയാണ്. പുഴകടന്ന് എത്തുന്ന ആനകളെ പ്രതിരോധിക്കാൻ പുഴയോരങ്ങളിൽ സോളർ തൂക്ക് വേലി നാട്ടുകാരുടെ കൂട്ടായ്മ്മയിലൂടെ സ്ഥാപിച്ചിരുന്നെങ്കിലും സംരക്ഷണം ഇല്ലാഞ്ഞതിനാൽ പലഭാഗങ്ങളിലും ഇവ നശിച്ചിരിക്കുകയാണ്. ഇതാണ് ജനവാസ മേഖലയിലേക്ക് പുഴ കടന്ന് കട്ടാനകൾ എത്തുന്നതിന് ഇടയാക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button