Uncategorized

ഭാര്യയെ കെട്ടിത്തൂക്കി കൊലപ്പെടുത്തി; ജീവനായി പിടയുന്ന ദൃശ്യങ്ങൾ ഫോണിൽ പകർത്തി, മാതാപിതാക്കളെ തത്സമയം കാണിച്ചു

ബെംഗളൂരു∙ അവിഹിത ബന്ധം സംശയിച്ച് 23 വയസ്സുകാരിയായ ഭാര്യയെ ഭർത്താവ് കെട്ടിത്തൂക്കി കൊലപ്പെടുത്തി. ക്രൂരതയ്ക്ക് ഇരയായ യുവതി ജീവനായി പിടയുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി പ്രതി സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ചുനൽകി. ഇതിനുപുറമെ, യുവതിയുടെ മാതാപിതാക്കളെ വിഡിയോ കോൾ ചെയ്ത് മകൾ മരണത്തോടു മല്ലടിക്കുന്ന ദാരുണ ദൃശ്യങ്ങൾ ഇയാൾ നിർബന്ധിതമായി കാണിക്കുകയും ചെയ്തതായാണു വിവരം. കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലുള്ള ഗലഗലി ഗ്രാമത്തിൽ ‌ഞായറാഴ്ച വൈകിട്ടാണ് അതിക്രൂരമായ സംഭവം നടന്നത്. ഭാഗ്യശ്രീ ജിഗലൂർ ആണ് കൊല്ലപ്പെട്ട യുവതി. ഭർത്താവ് പ്രവീൺ ജിഗലൂറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: പ്രാഥമിക അന്വേഷണ റിപ്പോർട്ടുകൾ പ്രകാരം, പ്രവീൺ ആദ്യം ഭാര്യയെ തടിയുടെ കഷ്ണം ഉപയോഗിച്ചു ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഇതിനുശേഷമാണ് ഇവരെ വീടിനുള്ളിൽ കെട്ടിത്തൂക്കിയത്. യുവതി തൂങ്ങിക്കിടന്നു ശ്വാസം കിട്ടാതെ പിടയുന്ന സമയത്താണ് പ്രതി ഇതെല്ലാം ഫോണിൽ റെക്കോർഡ് ചെയ്തത്. ഈ സമയം യുവതിയുടെ മാതാപിതാക്കളെ വിഡിയോ കോൾ വിളിച്ച് മകൾ അവസാന ശ്വാസത്തിനായി പിടയുന്നതു കാണാൻ ഇയാൾ നിർബന്ധിക്കുകയായിരുന്നു. പിന്നീട് ഈ വിഡിയോ പലർക്കും അയച്ചുനൽകുകയും ചെയ്തു.

ഭർത്താവുമായി തുടർച്ചയായി ഉണ്ടാകുന്ന വഴക്കിനെ തുടർന്ന് രണ്ടുമാസം മുൻപ് ഭാഗ്യശ്രീ സ്വന്തം വീട്ടിലേക്ക് മാറിത്താമസിച്ചിരുന്നു. എന്നാൽ ഇനിയുള്ള കാലം സമാധാനത്തോടെ ജീവിക്കാമെന്ന പ്രവീണിന്റെ ഉറപ്പിന്മേലാണ് ഇവർ കഴിഞ്ഞദിവസം ഭർതൃവീട്ടിൽ തിരിച്ചെത്തിയത്. എന്നാൽ മടങ്ങിയെത്തിയ അന്നുതന്നെ യുവതിക്ക് ജീവൻ നഷ്ടപ്പെടുകയായിരുന്നു.

യുവതി പച്ച ദുപ്പട്ടയിൽ തൂങ്ങിനിൽക്കുന്നതും, രക്ഷപ്പെടാനായി താഴെയുള്ള കട്ടിലിൽ കാൽ കുത്താൻ ശ്രമിക്കുന്നതുമായ ദൃശ്യങ്ങൾ വിഡിയോയിലുണ്ട്. വിവാഹസമയത്ത് കിടപ്പുമുറിയുടെ ചുവരുകളിൽ എഴുതിയ ഇവരുടെ പേരുകളും പശ്ചാത്തലത്തിൽ കാണാം. കൊലപാതകത്തിലേക്ക് നയിച്ച കൃത്യമായ കാരണങ്ങളെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button