സുരക്ഷാഭിത്തി ഇല്ല, മുണ്ടക്കൈയില്‍ മണ്ണിടിച്ചില്‍ ഭീഷണിയില്‍ നാട്ടുകാർ; മാറി താമസിക്കണമെന്ന് സര്‍ക്കാർ

വയനാട്: മുണ്ടക്കൈ ടൗണ്‍ഷിപ്പ് മേഖലയില്‍ സുരക്ഷാഭിത്തി നിര്‍മ്മാണം പൂര്‍ത്തിയാകാത്തതില്‍ ദുരിതത്തിലായി പ്രദേശവാസികള്‍. നിര്‍മ്മാണത്തിന്റെ അവശിഷ്ടമായ മണ്‍കൂന പ്രദേശവാസികള്‍ക്ക് ഭീഷണിയാകുന്നെന്നാണ് വിവരം. സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി എട്ട് കുടുംബങ്ങള്‍ക്ക് മാറി താമസിക്കാന്‍ സര്‍ക്കാര്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. ബന്ധു വീടുകളിലോ വാടക വീട്ടിലേക്കോ താല്‍ക്കാലികമായി മാറി താമസിക്കണമെന്നാണ് നിര്‍ദേശം. മാറി താമസിക്കാന്‍ സര്‍ക്കാര്‍ സഹായം നല്‍കുമെന്നാണ് എഡിഎമ്മുമായുള്ള ചര്‍ച്ചയില്‍ അറിയിച്ചിരിക്കുന്നത്. നോട്ടീസ് നല്കി അഞ്ച് ദിവസം പിന്നിട്ടിട്ടും മണ്‍കൂന നീക്കാന്‍ നടപടി ആരംഭിച്ചിട്ടില്ലെന്നും നാട്ടുകാരുടെ പരാതിയില്‍ പറയുന്നു. മഴ കനക്കുന്നതിന് മുന്‍പേ മണ്ണ് മാറ്റണമെന്നും ഇതിന് അടിയന്തര നടപടി വേണമെന്നുമാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്.
കഴിഞ്ഞ ഒക്ടോബറില്‍ തന്നെ മണ്‍കൂന നീക്കം ചെയ്യണമെന്ന് പ്രദേശവാസികള്‍ കളക്ടറുമായുള്ള ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിരുന്നു. മണ്ണ് മാറ്റാം എന്ന് അന്ന് ഉറപ്പ് നല്‍കിയിരുന്നില്ലെങ്കിലും മഴ കനത്തിട്ടും നടപടി ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. കള്ളാടി ദുരന്തമുണ്ടായപ്പോള്‍ മണ്‍കൂനയില്‍ ഒരു പ്ലാസ്റ്റിക് കവര്‍ വിരിക്കുക മാത്രണ് അധികൃതര്‍ ചെയ്തതെന്നും ഇവര്‍ പറയുന്നു. എന്നാല്‍ ഇപ്പോള്‍ ഇവരോട് ഇവിടെ നിന്ന് ഒഴിഞ്ഞു പോകാനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. മന്ത്രിയുടെ ശ്രദ്ധയില്‍ സംഭവം എത്തിയപ്പോഴാണ് എഡിഎമ്മുമായി ചര്‍ച്ച നടത്തിയത്.ടൗണ്‍ഷിപ്പിന്റെ ഫേസ് 5, ഡി 5 ക്ളസ്റ്ററിന് സമീപമാണ് കുടുംബങ്ങള്‍ താമസിക്കുന്നത്. കനത്ത മഴയെ തുടര്‍ന്ന് അവിടെ മണ്ണിടിച്ചില്‍ നേരത്തെ ഉണ്ടായിരുന്നു. ഇതിന് പിന്നാലെ വിദഗ്ധ സമിതി പരിശോധന നടത്തുകയും എട്ട് കുടുംബങ്ങള്‍ മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്നുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ടൗണ്‍ ഷിപ്പിലെക്കുള്ള റോഡിനും നിലം നിരപ്പാക്കാനും ഒക്കെ എടുത്ത മണ്ണാണ് കൂട്ടിയിട്ടിരിക്കുന്നത്. നിലവില്‍ ഇതിന് മുകളില്‍ പുല്ല് മൂടിയ അവസ്ഥയിലാണുള്ളത്. മാറി താമസിക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ നോട്ടീസില്‍ നല്‍കിയിരിക്കുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും പ്രദേശവാസികള്‍ പറയുന്നുണ്ട്.




