സോനം വാങ്ചുക്ക് നിരാഹാര സമരം അവസാനിപ്പിച്ചു; തീരുമാനം മന്ത്രിമാരുമായുള്ള ചർച്ചയ്ക്ക് ശേഷം

ന്യൂഡൽഹി: സിജെപി നേതൃത്വത്തിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 26 ദിവസമായി തുടരുന്ന അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ച് സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്. വെള്ളിയാഴ്ച പുലർച്ചയോടെയാണ് ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചത്. കേന്ദ്ര മന്ത്രിമാരായ ജെ പി നദ്ദയും ജിതേന്ദ്ര സിംഗും ആശുപത്രിയിലെത്തി ചർച്ച നടത്തിയതിന് പിന്നാലെയാണ് വാങ്ചുക് നിരാഹാര സമരം അവസാനിപ്പിച്ചത്. ജെ പി നദ്ദയുടെയും ജിതേന്ദ്ര സിംഗിന്റെയും കൈയിൽ നിന്ന് വാങ്ചുക്ക് നാരാങ്ങാനീർ വാങ്ങികുടിച്ച് കുടിച്ച് നിരാഹാരം അവസാനിപ്പിക്കുന്ന ദൃശ്യങ്ങൾ ആശുപത്രിയിൽ നിന്നും പുറത്ത് വന്നിട്ടുണ്ട്. ഭാര്യ ഗീതാഞ്ജലി ആങ്മോയുടെ സാന്നിധ്യത്തിലാണ് വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് ജെ പി നദ്ദയും ജിതേന്ദ്ര സിംഗും വാങ്ചുക്കിനെ ആശുപത്രിയിൽ സന്ദർശിച്ചതെന്നാണ് ബന്ധപ്പെട്ട സ്രോതസ്സുകളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.നീറ്റ് ചോദ്യപേപ്പർ ചോർച്ചയുൾപ്പെടെയുള്ള പരീക്ഷാ ക്രമക്കേടുകളിൽ ഉത്തരവാദിത്തം ഉറപ്പാക്കുകയും വിദ്യാഭ്യാസ രംഗത്ത് സമഗ്ര പരിഷ്‌കാരങ്ങൾ നടപ്പാക്കുകയും വേണമെന്നാവശ്യപ്പെട്ടാണ് വാങ്ചുക് ജൂൺ 28ന് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യവും വിദ്യാഭ്യാസ സംവിധാനത്തിൽ വ്യാപക പരിഷ്‌കാരങ്ങൾ വേണമെന്ന ആവശ്യവും ഉയർത്തിയ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു വാങ്ചുക് നിരാഹാര സമരത്തിലേർപ്പെട്ടത്. അദ്ദേഹത്തിന്റെ പങ്കാളിത്തം രാജ്യവ്യാപകമായി വലിയ ജനശ്രദ്ധ നേടുകയും യുവജന പ്രക്ഷോഭത്തിന്റെ പ്രധാന മുഖങ്ങളിലൊന്നായി മാറുകയും ചെയ്തിരുന്നു.
ആരോഗ്യനില മോശമായതിനെ തുടർന്ന് വാങ്ചുക്കിനെ ജൂലൈ 18ന് ജന്തർ മന്തറിലെ സമരവേദിയിൽ നിന്ന് സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ സംഫ്ദർജംഗ് ആശുപത്രിയിൽ നിന്ന് വാങ്ചുക്കിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ഗീതാഞ്ജലി ആങ്മോ കോടതിയെ സമീപിക്കുകയായിരുന്നു. പിന്നീട് കോടതി അനുമതിയോടെയായിരുന്നു വാങ്ചുക്കിനെ ഗുരുഗ്രാമിലെ മെഡാന്ത ആശുപത്രിയിലേക്ക് മാറ്റിയത്. അവിടെയും നിരാഹാരം തുടർന്ന വാങ്ചുക് 26 ദിവസത്തിന് ശേഷമാണ് നിരാഹാരം അവസാനിപ്പിച്ചത്.
നേരത്തെ സോനം വാങ്ചുക്കിനോട് നിരാഹാരം അവസാനിപ്പിക്കാൻ കോക്രോച് ജനതാ പാര്‍ട്ടി (സിജെപി) അവശ്യപ്പെട്ടിരുന്നു. ജൂൺ 22ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലാണ് സിജെപി സോനം വാങ്ചുക്കിനോട് ആവശ്യം ഉന്നയിച്ചത്. നിങ്ങളുടെ ത്യാഗം രാജ്യത്തെ പതിനായിരക്കണക്കിന് പേരെ പ്രചോദിപ്പിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ ആരോഗ്യം ശ്രദ്ധിക്കണമെന്നും സിജെപി പുറത്തിറക്കിയ കുറിപ്പില്‍ പറഞ്ഞിരുന്നു. ‘നിങ്ങള്‍ക്കൊപ്പം നില്‍ക്കാനും ഈ മൂവ്‌മെന്റിനൊപ്പം ചേരാനും ജൂലൈ 20ന് നിരവധി പേരാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയത്. ഏതെങ്കിലുമൊരു വ്യക്തിയേക്കാള്‍ പ്രധാനമാണ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കേണ്ട നീതിയെന്ന് നിങ്ങള്‍ തെളിയിച്ചു. എന്നാല്‍ ഇപ്പോള്‍ നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുകയാണ് ഞങ്ങളുടെ ആവശ്യം. നിങ്ങളുടെ നിരാഹാരം അവസാനിച്ചാലും ഈ പോരാട്ടം അവസാനിക്കില്ലെന്ന് ഞങ്ങള്‍ ഉറപ്പ് തരുന്നു. പരീക്ഷാ നടത്തിപ്പിലെ നീതിക്കായി ഞങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടുന്നത് വരെ പ്രതിഷേധങ്ങള്‍ തുടരുകയും പോരാട്ടം മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യും. ഈ സമരം സജീവമായി നിലനിര്‍ത്താന്‍ ഞങ്ങള്‍ എല്ലാം ചെയ്യും എന്നായിരുന്നു സിജെപി കുറിപ്പിൽ വ്യക്തമാക്കിയിരുന്നത്.
പരീക്ഷാ ചോദ്യപേപ്പർ ചോർച്ച കേസുകളിൽ ഫാസ്റ്റ് ട്രാക്ക് കോടതികൾ രൂപീകരിക്കുന്നതിനും കർശന ശിക്ഷ ഉറപ്പാക്കുന്നതിനുമുള്ള കരട് നിയമം കേന്ദ്ര മന്ത്രിസഭ വെള്ളിയാഴ്ച പരിഗണിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ പ്രസ്താവന പുറത്ത് വന്നതിന് പിന്നാലെയാണ് വാങ്ചുക്ക് നിരാഹാര സമരം അവസാനിപ്പിച്ചതെന്നതാണ് ശ്രദ്ധേയം. പാർലമെന്റിന്റെ നിലവിലെ മൺസൂൺ സമ്മേളനത്തിൽ തന്നെ ബിൽ എത്രയും വേഗം പാസാക്കാൻ സർക്കാർ എല്ലാ ശ്രമവും നടത്തുമെന്നും നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച ഏകദേശം മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സന്ദേശത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.




