‘പരാജയപ്പെട്ട നയങ്ങൾക്ക് ജനാധിപത്യ രാഷ്ട്രത്തിൽ സ്ഥാനമില്ല’;കൊച്ചിയിൽ സാംസ്കാരികപ്രവർത്തകരുടെ ഐക്യദാർഢ്യ സദസ്

കൊച്ചി: ഡല്‍ഹിയിലെ വിദ്യാര്‍ത്ഥി സമരത്തിന് കൊച്ചിയില്‍ കലാ-സംസ്കാരിക പ്രവര്‍ത്തകരുടെ ഐക്യദാര്‍ഢ്യ സദസ്സുകള്‍. റാപ്പര്‍ വേടന്റേയും ഗബ്രിയുടെയും നേതൃത്വത്തില്‍ പനമ്പള്ളി നഗറില്‍ ‘പാട്ടും പ്രതിഷേധവും’ എന്ന പേരില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. എഴുത്തുകാരായ എന്‍ എസ് മാധവന്, കെ ആര് മീര, നടന് ജോജു ജോര്‍ജ്, സംവിധായകന് ആഷിഖ് അബു, രഞ്ജിനി ഹരിദാസ് തുടങ്ങിയവര്‍ മഹാരാജാസില്‍ വെച്ച് നടന്ന പരിപാടിയില്‍ പങ്കെടുത്തു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് രാജിവെക്കണമെന്ന് വേടന് ആവശ്യപ്പെട്ടു. പരാജയപ്പെട്ട നയങ്ങള്‍ക്ക് ജനാധിപത്യ രാഷ്ട്രത്തില്‍ സ്ഥാനമില്ലെന്നും വേടന് പറഞ്ഞു. ഡൽഹിയിൽ വിദ്യാർത്ഥികളെ തല്ലിയവരുടെ കൂട്ടത്തിൽ പൌരന്മാരും ഉണ്ടായിരുന്നുവെന്ന് എൻ എസ് മാധവൻ പറഞ്ഞു. ട്രക്കിൽ കല്ലുമായി എത്തിയ കുത്തിത്തിരുപ്പുകാരും ഉണ്ടായിരുന്നു. ഇത് ഓർമ്മിപ്പിക്കുന്നത് ഹിറ്റ്ലറുടെ ചരിത്രമാണെന്നും എൻ എസ് മാധവൻ പറഞ്ഞു. മുഖം മറച്ച നിരവധി പേര് മര്‍ദ്ദിക്കാന്‍ എത്തിയെന്നും ഇത് ഭാവിയെക്കുറിച്ച് ഉത്കണ്ഠ ഉണ്ടാക്കുന്നുണ്ടെന്നും എന്‍ എസ് മാധവന് കൂട്ടിച്ചേര്‍ത്തു. നിശബ്ദമാക്കാനുള്ള ശ്രമം എല്ലാ തരത്തിലും നടക്കുന്നതായി കെ ആര് മീരയും അഭിപ്രായപ്പെട്ടു.നമ്മുടെ നാട്ടില്‍ അടിയന്തരാവസ്ഥാ സാഹചര്യമാണെന്നും യുവജന പ്രക്ഷോഭങ്ങള്‍ ലോകത്ത് തളര്‍ന്നിട്ടില്ലെന്നും നടന് ജോജു ജോര്‍ജ് പറഞ്ഞു. സമരത്തില്‍ പ്രതീക്ഷയുണ്ടെന്നും ജോജു ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. തെരുവിലെ സമരം പ്രതീക്ഷ നല്‍കുന്നുവെന്ന് സംവിധായകന് ആഷിഖ് അബുവും പ്രതികരിച്ചു.അതേസമയം ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരായ ഡല്‍ഹി പൊലീസിന്റെ ആക്രമണത്തിനെതിരെ നല്കിയ ഹര്‍ജിയില്‍ അടിയന്തര വാദം കേള്‍ക്കാതെ സുപ്രീം കോടതി. ‘ഞങ്ങളുടെയും നിങ്ങളുടെയും സമയം കളയരുത്’ എന്ന് പറഞ്ഞാണ് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് ഹര്‍ജി തള്ളിയത്. വിഷയം ഉന്നയിച്ച അഭിഭാഷകനായ നരേന്ദ്ര മിശ്രയോടായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.
നീറ്റ് പരീക്ഷയിലെ ക്രമക്കേട് ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട വിഷയങ്ങളാണ് വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്നതെന്ന് നരേന്ദ്ര മിശ്ര കോടതിയില്‍ പറഞ്ഞു. എന്നാല്‍ വളരെ നന്ദി എന്നായിരുന്നു ചീഫ് ജസ്റ്റിസ് ഇതിന് നല്കിയ മറുപടി. പൊലീസ് നടപടിയുടെ ദൃശ്യങ്ങളുണ്ടെന്ന് അഭിഭാഷകന് വീണ്ടും ആവര്‍ത്തിച്ചു. എന്നാല്‍ തങ്ങള്‍ക്ക് വീഡിയോയില്‍ താല്പര്യമില്ലെന്നും അത് കാണാന്‍ സമയമില്ലെന്നും കോടതി പറയുകയായിരുന്നു.




