നവീകരിച്ച ഭാഗങ്ങൾ വീണ്ടും തകർന്നു ശാപമോക്ഷം ഇല്ലാതെ മാക്കൂട്ടം ചുരം പാത ദുരിതം പേറി യാത്രികർ

ഇരിട്ടി : അപകടങ്ങൾ നിത്യ സംഭവമായി മാറിയ തലശ്ശേരി – മൈസൂരു അന്തർ സംസ്ഥാന പാതയിലെ കർണാടകത്തിന്റെ അധീനതയിലുള്ള മാക്കൂട്ടം- പെരുമ്പാടി ചുരം പാതയിലെ അടുത്തിടെ നവീകരിച്ച ഭാഗങ്ങൾ വീണ്ടും തകർന്നു. ഏറെക്കാലം പൂർണ്ണമായും തകർന്നു കിടന്ന 17കിലോമീറ്ററോളം വരുന്ന ഈ കാനന പാത 11.75 കോടി രൂപ ചെലവിൽ മൂന്നു റീച്ചുകളായാണ് മഴക്കാലം തുടങ്ങുന്നതിനു മുൻപ് നവീകരിച്ചിരുന്നത്. ഇതിൽ മെതിയടിപ്പാറ ഹനുമാൻ ക്ഷേത്രത്തിന് സമീപ ഭാഗങ്ങളിലുള്ള റോഡാണ് ഏറെ അപകടാവസ്ഥയിലായിരിക്കുന്നത്. കുണ്ടും കുഴിയുമായ റോഡിൽ ഏതു സമയവും അപകടം വരാവുന്ന അവസ്ഥയിലാണ്.
രാപ്പകലില്ലാതെ ടൂറിസ്റ്റ് ബസ്സുകളടക്കമുള്ള യാത്രാവാഹനങ്ങളും, വലിയ കണ്ടെയ്നർ ലോറികൾ അടക്കമുള്ള ചരക്ക് വാഹനങ്ങളും കടന്നു പോകുന്ന റോഡിന്റെ ഉപരിതലം മുഴുവൻ തകർന്നു വലിയ കുഴികൾ രൂപപ്പെട്ടതിനാൽ വാഹനങ്ങൾ ഇറക്കത്തിലും കയറ്റത്തിലും നിയന്ത്രണം നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും കേടുപാടുകൾ സംഭവിക്കുന്നതും നിത്യ സംഭവമാണ്. നേരത്തേ റോഡ് പൂർണ്ണമായും തകർന്നു കിടന്നതിനെത്തുടർന്ന് പാറ്റയുടെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി വാർത്തകൾ വരികയും ജനപ്രതിനിധികളുടെ ഇടപെടലുകളും മൂലമാണ് റോഡ് നവീകരണം നടന്നത്. എന്നാൽ നിർമ്മാണത്തിലെ അപാകതയാണ് റോഡ് ഇത്രവേഗം തകരാൻ ഇടയാക്കിയത് എന്ന ഗുരുതര ആരോപണമാണ് ഉയരുന്നത്. കേരളത്തിൽ നിന്ന് കുടകിലേക്കും തിരിച്ചും ദിവസേന യാത്ര ചെയ്യുന്ന നൂറുകണക്കിന് വാഹനങ്ങളാണ് ഇതുമൂലം വലിയ ദുരിതം അനുഭവിക്കുന്നത്.
ഇതേ റോഡിൽ ഇതുവരെ ഒരു നവീകരണവും ലഭിക്കാത്ത 5.8 കിലോമീറ്റർ ദൂരം കഴിഞ്ഞ ദിവസങ്ങളിലെ മഴയെ തുടർന്ന് കൂടുതൽ തകർച്ചയിലായിട്ടുണ്ട്. കുഴികൾ വ്യാപകമായി രൂപപ്പെട്ടതിനാൽ ഈ ഭാഗത്തുകൂടിയുള്ള യാത്ര അതീവ ദുഷ്കരമാണ്. ശേഷിക്കുന്ന ഇത്രയും ഭാഗം ഉൾപ്പെടെ പെരുമ്പാടി–ബിട്ടംകാല റൂട്ടിലെ നവീകരണം നടക്കാത്ത ഭാഗങ്ങൾ ചേർത്ത് ഏകദേശം 14 കിലോമീറ്റർ റോഡ് 40 കോടി രൂപ ചെലവിൽ നവീകരിക്കണമെന്ന ശുപാർശ കർണാടക സർക്കാരിന്റെ പരിഗണനയിലാണെങ്കിലും, നിലവിൽ തകർന്നുകിടക്കുന്ന നവീകരിച്ച ഭാഗം അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി സുരക്ഷിതമാക്കണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.
അപകടമൊഴിഞ്ഞ ഒരു ദിവസം പോലും ഈ പാതയിലില്ല. മഴക്കാലം ശക്തമായ സാഹചര്യത്തിൽ കൂടുതൽ അപകടങ്ങളും അത്യാഹിതങ്ങളും സംഭവിക്കുന്നതിന് മുൻപ് അധികൃതർ അടിയന്തിര ഇടപെടലുകൾ നടത്തി റോഡ് അപകടരഹിതമാക്കണമെന്ന ആവശ്യം ശക്തമാണ്.




