Uncategorized

തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ്; ബിജെപി സംസ്ഥാനാധ്യക്ഷന് മുന്നില്‍ പരാതി പ്രളയം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറിയില്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് മുന്നില്‍ പരാതി പ്രളയമെന്ന് വിവരം. ന്യൂനപക്ഷ വോട്ടുപിടിയ്ക്കാന്‍ രണ്ടുകോടി വാങ്ങിയെന്നാണ് കോഴിക്കോട് ജില്ലയില്‍ നിന്നുയരുന്ന ആക്ഷേപം. പണം തിരിച്ചടയ്ക്കാന്‍ സ്ഥാനാര്‍ഥിയ്ക്കും മണ്ഡലം ഭാരവാഹിയ്ക്കും നിര്‍ദ്ദേശം നല്‍കിയെന്നും വിവരമുണ്ട്.

എറണാകുളത്ത് സ്ഥാനാര്‍ഥിയാക്കിയ താരങ്ങള്‍ക്ക് ഓഫര്‍ ചെയ്ത തുക നല്‍കിയില്ലെന്നതാണ് ഉയരുന്ന ഒരു പരാതി. എറണാകുളം ജില്ലയില്‍ താര സ്ഥാനാര്‍ഥികള്‍ക്ക് നല്‍കിയ കോടികള്‍ ചെലവാക്കിയില്ലെന്ന പരാതിയും എത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്ത ഓഫീസിലെ സിസിടിവി കാണാതായി എന്നാണ് തൃശൂരില്‍ നിന്നുള്ള പരാതി. ഇതില്‍ അന്വേഷണമുണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. പാര്‍ട്ടി ഫണ്ടില്‍ നിന്ന് നേതാക്കള്‍ ലോണ്‍ തിരിച്ചടവ് നടത്തിയെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. തിരുവനന്തപുരത്തിന് പുറമെ കോഴിക്കോടും തൃശ്ശൂരും എറണാകുളത്തും നിരവധി പരാതികളാണ് എത്തുന്നത്.

സംസ്ഥാന കമ്മിറ്റി കേന്ദ്രീകരിച്ചായിരുന്നു ആദ്യഘട്ട പരാതി ഉയര്‍ന്നിരുന്നത്. 20-20 സ്ഥാനാര്‍ഥിയാകാന്‍ ഓഫര്‍ ചെയ്ത പണം നല്‍കിയില്ലെന്ന് കാട്ടി സ്ഥാനാര്‍ഥിയായ താരങ്ങള്‍ തന്നെ പരാതി നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

തെഞ്ഞെടുപ്പ് ഫണ്ട് വിവാദത്തില്‍ ബിജെപിയില്‍ ആഭ്യന്തര അന്വേഷണം ഉണ്ടായേക്കുമെന്ന വിവരം പുറത്തുവന്നിരുന്നു. ക്രമക്കേട് കണ്ടെത്താന്‍ മണ്ഡലം അടിസ്ഥാനത്തില്‍ പരിശോധനയ്ക്കാണ് നീക്കം. നിരവധി പരാതികളാണ് തെരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേടുമായി ബന്ധപ്പെട്ട് പാർട്ടിയില്‍ ഉടർന്നിരിക്കുന്നത്.

ഫണ്ടില്‍ നേരത്തെ മണ്ഡല തലം മുതല്‍ കേന്ദ്ര തലം വരെ ഓഡിറ്റ് നടത്തിയെന്നായിരുന്നു ബിജെപി നല്‍കിയിരുന്ന വിശദീകരണം. പിന്നാലെയാണ് കോടികളുടെ ക്രമക്കേടുകള്‍ പുറത്തുവന്നിരിക്കുന്നത്. പ്രധാന മന്ത്രിയുടെ സന്ദര്‍ശന സമയത്ത് പ്ലക്കാര്‍ഡ് വാങ്ങിയതിലടക്കം ക്രമക്കേട് ഉണ്ടെയെന്നായിരുന്നു കണ്ടെത്തല്‍. വാഹനങ്ങള്‍ വാടകയ്ക്കെടുത്തതില്‍ വരെ ക്രമക്കേട് കണ്ടെത്തിയിരുന്നു. കൊടി വാങ്ങിയെന്ന് കാട്ടി വ്യാജ ബില്ല് സമര്‍പ്പിച്ചതില്‍ ഇതുവരെ കേസ് എടുത്തിട്ടില്ലെന്നും ആരോപണമുയര്‍ന്നിരുന്നു. 3.25 ലക്ഷം രൂപയ്ക്ക് കൊടി വാങ്ങി എന്ന വ്യാജ ബില്ലില്‍ പരാതി നല്‍കിയെങ്കിലും കേസെടുത്തില്ലെന്നാണ് ആരോപണം. വാമനപുരം സ്വദേശിയായ കടയുടമ വെഞ്ഞാറമൂട് പൊലീസില്‍ പരാതി നല്‍കിയിരുന്നു.സമൂഹ മാധ്യമങ്ങളില്‍ പണം തട്ടാന്‍ ഉപയോഗിച്ച ബില്‍ പ്രചരിച്ചിരുന്നു. എ എ ഏജന്‍സിയുടെ പേരിലുള്ള ബില്‍ വഴി പണം തട്ടിയത് വട്ടിയൂര്‍ക്കാവ് മണ്ഡലത്തിന്റെ ചുമതലക്കാരനെന്നായിരുന്നു റിപ്പോര്‍ട്ട്. എ എ ഏജന്‍സിയില്‍ കൊടി വില്‍ക്കാറേയില്ലെന്നായിരുന്നു കമ്പനി ഉടമ റിപ്പോര്‍ട്ടറിനോട് പറഞ്ഞത്. ഇതില്‍ കടയുടമ നല്‍കിയ പരാതിയിലാണ് കോസെടുത്തിട്ടില്ലെന്ന ആരോപണമുയര്‍ന്നിരുന്നത്.

ദേശീയ നേതാക്കള്‍ എത്തുന്ന സമയങ്ങളില്‍ ആഡംബര ഹോട്ടലുകളില്‍ റൂമുകള്‍ ബുക്ക് ചെയ്തിരുന്നു. ഇതിന്റെ ബില്ല് രണ്ടും മൂന്നും ഇരട്ടിയായി കാണിച്ചെന്നും കണ്ടെത്തലുണ്ട്. ഹെലികോപ്റ്റല്‍ വാടകയ്‌ക്കെടുത്ത് അതില്‍ സഞ്ചരിച്ച മണിക്കൂറുകള്‍ കൂട്ടി കാണിച്ച് അതിന്റെ പേരിലും സംസ്ഥാന നേതാക്കള്‍ പണം തട്ടിയതായാണ് വിവരം. തട്ടിപ്പ് നടത്തിയ പല നേതാക്കള്‍ക്കും ബജെപി ഭരണമുള്ള സഹകരണ ബാങ്കുകളിലടക്കം വലിയ തുക വായ്പ ഉണ്ടായിരുന്നെന്നും തെരഞ്ഞെടുപ്പിന് ശേഷം ഇത് ഒറ്റ തവണയായി അടച്ചു തീര്‍ത്തെന്നും ആരോപണമുണ്ട്. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനോടൊപ്പം നില്‍ക്കുന്ന ഭാരവാഹികളാണ് വിഷയത്തില്‍ പ്രതിക്കൂട്ടിലെന്നാണ് വിവരം. പല നേതാക്കള്‍ക്കെതിരെയും ഉടന്‍ നടപടി സ്വീകരിക്കുമെന്നും വിവരമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button