Uncategorized

പിഎസ്‌സി പരീക്ഷ റദ്ദാക്കിയ സംഭവം; പാളിയത് ചെയര്‍മാന്റെ പുതിയ പരിഷ്‌കാരം, അന്വേഷണത്തിന് നീക്കം

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷ റദ്ദാക്കിയ സംഭവത്തില്‍ പാളിയത് പുതിയ പരിഷ്‌കരണമെന്ന് വിവരം. സാധാര രീതിയില്‍ നിന്ന് വ്യത്യസ്തമായി ഒരു ദിവസം രണ്ടു പരീക്ഷ വെച്ചതാണ് അബദ്ധം പിണയാന്‍ കാരണമെന്നാണ് ഉയരുന്ന വിമര്‍ശനം. പിഎസ്‌സി ചെയര്‍മാന്‍ എം ആര്‍ ബൈജുവിന്റേതായിരുന്നു പരീക്ഷാ പരിഷ്‌കരണം. ഇത്തരത്തില്‍ പരീക്ഷ നടത്തിയാല്‍ ചോദ്യപേപ്പര്‍ മാറിപ്പോകാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ചെയര്‍മാന്‍ ഇത് പരിഗണിച്ചില്ലെന്ന് ഒരു വിഭാഗം വിമര്‍ശനമുന്നയിക്കുന്നുണ്ട്.

ഉദ്യോഗസ്ഥര്‍ക്ക് കൊടുക്കുന്ന യാത്രാ ബത്ത ലാഭിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു പുതിയ പരിഷ്‌കരണമെന്ന ആക്ഷേപവുമുണ്ട്. ഇത് സംബന്ധിച്ച പ്രാഥമിക അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. രണ്ട് നിറത്തിലുള്ള കവറുകളും ഒരു ഐഡിയും മാത്രമായിരുന്നു രണ്ട് ചോദ്യപ്പേപ്പറുകളും തിരിച്ചറിയാനുള്ള മാര്‍ഗം. ഏതെങ്കിലും കേന്ദ്രത്തില്‍ ചോദ്യം മാറി നല്‍കിയാല്‍ പരീക്ഷ മുഴുവന്‍ റദ്ദാക്കേണ്ടി വരുമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ ചെയര്‍മാനെ അറിയിച്ചതായാണ് വിവരം. എന്നാല്‍ തയ്യാറെടുപ്പുകളോടെ നടത്തുന്ന പരീക്ഷയായതിനാല്‍ ആതില്‍ പ്രശ്‌നമുണ്ടാകില്ലെന്നായിരുന്നു പിഎസ്‌സി ചെയര്‍മാന്റെ നിലപാട്.എന്നാല്‍ ഒന്നര ലക്ഷത്തിലധികം ഉദ്യോഗര്‍ത്ഥികളെഴുതുന്ന പരീക്ഷയില്‍ തന്നെ പുതിയ പരിഷ്‌കാരം പരീക്ഷിച്ചതിലാണ് വിമര്‍ശനമുയരുന്നത്. കൂടാതെ ഏകദേശം മൂന്ന് കോടി രൂപയോളമായിരുന്നു നടത്തിപ്പ് ചെലവ്. അതേസമയം പരീക്ഷ പേപ്പര്‍ മാറി നല്‍കിയ ആലപ്പുഴയിലെ കേന്ദ്രത്തില്‍ മാത്രം പുനപ്പരീക്ഷ മതി എന്ന നിലപാട് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആശ്വാസം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇന്നലെ ഉച്ചക്ക് ശേഷം നടക്കേണ്ട മുഴുവന്‍ പരീക്ഷയും റദ്ധാക്കിയത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്. പാളിയത് പിഎസ്‌സി ചെയര്‍മാന്റെ പരിഷ്‌കാരമാണെങ്കിലും നടപടി ഉണ്ടാകുക ആലപ്പുഴയില്‍ അബദ്ധം പിണഞ്ഞ ഉദ്യോഗസ്ഥര്‍ക്കെതിരെ ആയിരിക്കുമെന്നാണ് വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button