Uncategorized

വലിയ ചുടുകാട്ടിലെ വിഎസ് സ്മാരകം; എതിര്‍പ്പുമായി പുന്നപ്ര വയലാര്‍ സമര സേനാനി പി കെ ചന്ദ്രാനന്ദന്റെ കുടുംബം

ആലപ്പുഴ: ആലപ്പുഴ വലിയചുടുകാട്ടില്‍ വി എസ് അച്യുതാനന്ദനായി സ്മാരകം നിര്‍മ്മിക്കുന്നതില്‍ സിപിഐഎമ്മിനെ എതിര്‍പ്പറിയിച്ച് മുതിര്‍ന്ന നേതാവും പുന്നപ്ര വയലാര്‍ സമര സേനാനിയുമായ പി കെ ചന്ദ്രാനന്ദന്റെ കുടുംബം. രക്തസാക്ഷികളുടെ സ്മാരക ഭൂമിയില്‍ ഒരാള്‍ക്കുവേണ്ടി സ്മൃതി മണ്ഡപം നിര്‍മ്മിക്കാന്‍ കഴിയില്ലെന്നാണ് ചന്ദ്രാനന്ദന്റെ കുടുംബം പറയുന്നത്. സമരത്തില്‍ നേരിട്ട് പങ്കെടുത്ത് രക്തസാക്ഷികള്‍ ആയവര്‍ക്ക് പോലും സ്മാരകമില്ലാത്ത വലിയചുടുകാട്ടില്‍ വി എസിന് വേണ്ടി സ്മാരകം നിര്‍മ്മിക്കരുതെന്നും ചന്ദ്രാനന്ദൻ്റെ കുടുംബം പറയുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി സിപിഐഎം കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ക്ക് ചന്ദ്രാനന്ദന്റെ കുടുംബം കത്തയച്ചു.

പുന്നപ്രയിലെ രക്തസാക്ഷികള്‍ അന്ത്യവിശ്രമം കൊള്ളുന്ന ആലപ്പുഴ വലിയ ചുടുകാട്ടില്‍ വി എസിനായി സ്മാരകം നിര്‍മ്മിക്കുന്നതില്‍ എതിര്‍പ്പുമായി ആദ്യം രംഗത്തെത്തിയത് സിപിഐ ആണ്. ഇതിന് പിന്നാലെയാണ് പുന്നപ്ര വയലാര്‍ സമര സേനാനി പി കെ ചന്ദ്രാനന്ദന്റെ കുടുംബവും രംഗത്തെത്തിയിരിക്കുന്നത്. സ്മാരകം നിര്‍മ്മിക്കാനുള്ള തീരുമാനം ചരിത്ര നിഷേധമാണെന്നും പാര്‍ട്ടി നേതൃത്വത്തിന് കുടുംബം നല്‍കിയ കത്തില്‍ പറയുന്നുണ്ട്. പുന്നപ്ര വയലാര്‍ സമരത്തില്‍ പങ്കെടുത്ത് രക്തസാക്ഷിത്വം വരിച്ചവര്‍ക്ക് പോലും വലിയചുടുകാട്ടില്‍ സ്മാരകമില്ല. വി എസിനായി സ്മാരകം ഉയര്‍ന്നാല്‍ വലിയചൂടുകാട് വിഎസിന്റേത് മാത്രമായി മാറുമെന്ന ആശങ്കയും കുടുംബം പ്രകടിപ്പിക്കുന്നു. പുന്നപ്രയിലെ വെടിവെപ്പിന് കാരണമായ 1946 ല്‍ നടന്ന പുന്നപ്ര പൊലീസ് സ്റ്റേഷന്‍ ആക്രമണത്തിലെ പ്രതിപ്പട്ടിക ഉള്‍പ്പെടുത്തിയാണ് കുടുംബം പാര്‍ട്ടിക്ക് കത്തയച്ചത്. പി കെ ചന്ദ്രാനന്ദന്‍ കേസില്‍ പത്താം പ്രതിയായിരുന്നു. വിഎസ് പ്രതിപ്പട്ടികയില്‍ പോലും ഇല്ലെന്നും കുടുംബം ചൂണ്ടിക്കാണിക്കുന്നുണ്ട്.

സ്മാരകവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ പാർട്ടി ജനറൽ സെക്രട്ടറി എം എ ബേബി പ്രതികരിച്ചു. വലിയ ചുടുകാട്ടിലെ കാര്യങ്ങള്‍ നോക്കുന്നത് സിപിഐഎമ്മും സിപിഐയും സംയുക്തമായാണ്. വാതിലിന്റെ താക്കോല്‍ ഒരെണ്ണം സിപിഐമ്മിന്റെയും ഒരെണ്ണം സിപിഐയുടെയും കയ്യിലാണ്. വിഎസ് സ്മാരകവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സിപിഐഎം, സിപിഐ സംസ്ഥാന നേതൃത്വങ്ങള്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കും. വിമര്‍ശനത്തിന്റെ മറ്റ് കാര്യങ്ങളിലേക്ക് താന്‍ കടക്കുന്നില്ല. സംസ്ഥാന നേതാക്കള്‍ വിശദീകരിക്കുമെന്നും എം എ ബേബി വ്യക്തമാക്കി.

വിഎസിനെ സ്മാരകം വേണമെന്ന ആശയത്തെ സിപിഐ എതിര്‍ക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ടി വി തോമസിന് ഒരു സ്മാരകം വേണമെന്ന ആവശ്യം പണ്ടേ ഉണ്ടായിരുന്നു. അന്ന് സിപിഐഎം-സിപിഐ ധാരണ പ്രകാരം ഒരു നേതാവിന്റെയും സ്മാരകം അവിടെ വേണ്ട എന്ന് തീരുമാനിച്ചു. ആ ധാരണ അന്ന് രണ്ട് പാര്‍ട്ടികള്‍ക്കും സ്വീകാര്യമായിരുന്നു. എന്നാല്‍ പ്രത്യേക സാഹചര്യത്തില്‍ വിഎസിന് അവിടെ ഒരു സ്മാരകം വേണ്ടിവന്നു. സിപിഐ, സിപിഐഎമ്മിനെ പോലെ തന്നെ അതിനെ പൂര്‍ണമായും പിന്താങ്ങി. ടി വി തോമസിനും അവിടെ ഒരു സ്മാരകം ഉണ്ടാകണമെന്നത് ഏറ്റവും ശരിയായ തീരുമാനമാണ്. ഈ വിഷയത്തില്‍ സിപിഐഎമ്മും സിപിഐയും തമ്മില്‍ തര്‍ക്കമില്ല. തര്‍ക്കം ഉണ്ടായി എന്ന് വരുത്താനും ഉണ്ടാക്കാനും പല ആള്‍ക്കാരും ശ്രമിച്ചു. രണ്ട് പാര്‍ട്ടികളുടെയും നേതാക്കന്മാര്‍ ഒന്നിച്ചിരുന്നാണ് തര്‍ക്കങ്ങള്‍ക്ക് മിനിറ്റുകള്‍ കൊണ്ട് പരിഹാരമുണ്ടാക്കിയത്. അതാണ് സിപിഐ, സിപിഐഎം ബന്ധം. ഇനി അവിടെ വേറെ ആര്‍ക്കും സ്മാരകം ഉണ്ടാകില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button