Uncategorized

ബൈക്ക് റൈഡറുടെ അശ്രദ്ധ; റാപ്പിഡോയെ വിമർശിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മലയാളി യുവതി

കോഴിക്കോട്: ബെംഗളൂരുവില്‍ റാപ്പിഡോ ബൈക്ക് റൈഡറുടെ അശ്രദ്ധകാരണം അപകടത്തില്‍പ്പെട്ട കോഴിക്കോട് സ്വദേശിയായ യുവതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പും റാപ്പിഡോയ്ക്ക് നല്‍കിയ മറുപടിയും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു.

സാനി കൃഷ്ണന്‍ എന്ന യുവതിയാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. റാപ്പിഡോ ഡ്രൈവറുടെ അശ്രദ്ധമൂലം അപകടത്തില്‍പ്പെട്ട താന്‍ ട്രാക്ടറിൻ്റെ അടിയില്‍പെട്ടുവെന്നും ഐസിയുവില്‍ ജീവനുവേണ്ടി പോരാടിയെന്നും പറഞ്ഞുകൊണ്ടാണ് യുവതി കുറിപ്പ് തുടങ്ങുന്നത്.

റാപ്പിഡോയിലെ ‘Women Saftey’ എന്ന ഓപ്ഷന്‍ സെലക്ട് ചെയ്തുകൊണ്ടാണ് യുവതി യാത്ര ബുക്ക് ചെയ്തത്. തന്റെ യാത്ര സുരക്ഷിതമായിരിക്കുമെന്ന് കരുതിയാണ് താനാ ഓപ്ഷന്‍ തെരഞ്ഞെടുത്തതെന്നും യുവതി കുറിക്കുന്നു. എന്നാല്‍ ആ യാത്ര ഒരു അപകടത്തിലാണ് കലാശിച്ചതെന്നും തന്റെ ജീവിതം കിടക്കയിലായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആ ദിവസം നിരവധി ശസ്ത്രക്രിയകള്‍ക്ക് താന്‍ വിധേയയായി.
മുഖത്തുള്‍പ്പെടെ നിരവധി മുറിവുകളും സ്റ്റിച്ചുകളും വേണ്ടിവന്നു. പല്ലുകള്‍ പോയി. നടക്കാനോ, ജോലി ചെയ്യാനോ പരസഹായമില്ലാതെ കിടക്കയില്‍ നിന്ന് മറ്റൊരിടത്തേക്ക് മാറി കിടക്കാനോ പോലും കഴിയാത്ത അവസ്ഥയായെന്നും അവര്‍ കുറിക്കുന്നു. തന്റെ കുടുംബം മെഡിക്കല്‍ ബില്ലുകളുടെ ഭാരത്താല്‍ വിഷമിച്ചപ്പോള്‍ റാപ്പിഡോ തന്നെ പൂര്‍ണ്ണമായും അവഗണിക്കുകയാണുണ്ടായതെന്നും അവര്‍ ആരോപിച്ചു.

പോസ്റ്റിന് താഴെയായി റാപ്പിഡോയുടെ ഔദ്യോഗിക പേജില്‍ നിന്ന് വന്ന മറുപടിക്കെതിരെയും യുവതി പ്രതികരിച്ചിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് അറിഞ്ഞതില്‍ തങ്ങള്‍ക്ക് അതിയായ ദുഃഖമുണ്ടെന്ന് പറഞ്ഞാണ് റാപ്പിഡോയുടെ മറുപടി തുടങ്ങുന്നത്.

‘ഹായ് സാനി, ഈ സംഭവത്തെക്കുറിച്ച് അറിഞ്ഞതില്‍ ഞങ്ങള്‍ക്ക് അതിയായ ദുഃഖമുണ്ട്. നിങ്ങളുടെ ആശങ്ക ഞങ്ങള്‍ പൂര്‍ണ്ണമായും മനസ്സിലാക്കുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ ഇതിനകം തന്നെ നിങ്ങളുമായി ബന്ധപ്പെട്ടിരുന്നല്ലോ. ഉചിതമായ സഹായം ലഭ്യമാക്കുന്നതിനായി അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഞങ്ങള്‍ക്ക് അല്‍പം സമയം അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഈ വിഷമകരമായ സാഹചര്യത്തില്‍ നിങ്ങള്‍ കാണിക്കുന്ന ക്ഷമയ്ക്കും സഹകരണത്തിനും നന്ദി’, എന്നായിരുന്നു റാപ്പിഡോയുടെ പ്രതികരണം.

ഇതിന് മറുപടിയായി ദയവായി തനിക്കുണ്ടായ ദുരന്തത്തെ നിങ്ങളുടെ ഭാഗത്തുനിന്നുണ്ടായ അപകടത്തെ മറികടക്കാനുള്ള പിആര്‍ ആയി ഉപയോഗിക്കരുതെന്ന് അവര്‍ പറഞ്ഞു. ‘ബന്ധപ്പെട്ടിരുന്നു എന്നതിനര്‍ത്ഥം നിങ്ങളുടെ ടീം എന്റെ 13.6 ലക്ഷത്തിലധികം ഐസിയു ബില്ലുകളില്‍ ഒരു ലക്ഷം രൂപ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് അനുവദിച്ചുവെന്ന ഒരു മെയില്‍ അയച്ചു എന്നതാണ്. നിങ്ങളുടെ ഡ്രൈവര്‍മാര്‍ എങ്ങനെ വാഹനമോടിക്കുന്നുവെന്നതില്‍ നിങ്ങള്‍ ബാധ്യസ്ഥരല്ലെന്ന് നിങ്ങളുടെ പ്രതിനിധികള്‍ എന്റെ സുഹൃത്തുക്കളോട് നേരിട്ട് പറഞ്ഞു. ‘അന്വേഷിക്കാന്‍’ ഇനി ഒന്നുമില്ല. ഞാന്‍ നിങ്ങളുടെ ‘വനിതാ സുരക്ഷാ’ ഫീച്ചര്‍ ഉപയോഗിച്ചപ്പോള്‍ നിങ്ങളുടെ ഡ്രൈവര്‍ എന്നെ ഒരു ട്രാക്ടറിനടിയില്‍ അപകടത്തിലാക്കി, നിങ്ങള്‍ എന്നെ കയ്യൊഴിഞ്ഞു. അഭിപ്രായങ്ങളിട്ട് പൊതുജനങ്ങളോട് കള്ളം പറയുന്നത് നിര്‍ത്തുക, യഥാര്‍ത്ഥ ഉത്തരവാദിത്തം ഏറ്റെടുക്കുക’, അവര്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ മാസം പതിനേഴിനാണ് ബെംഗളൂരുവില്‍ റാപ്പിഡോ ബൈക്ക് റൈഡറുടെ അശ്രദ്ധ കാരണം സാനി അപകടത്തില്‍പ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ സാനി വേദനയോട് മല്ലിടുകയാണ്. പരിക്കേറ്റ യുവതി എഴുന്നേല്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തിന് ശേഷം റാപ്പിഡോ കമ്പനി തിരിഞ്ഞ് നോക്കിയില്ലെന്ന് കുടുംബവും ആരോപിക്കുന്നു. പ്രൈവറ്റ് വാഹനം ഉപയോഗിച്ചതിനാല്‍ ഇന്‍ഷുറന്‍സ് കിട്ടുമോയെന്നും ആശങ്കയുണ്ട്. റാപ്പിഡോ ഉപയോഗിക്കുന്നവര്‍ക്ക് എന്ത് സുരക്ഷയാണ് അവര്‍ ഉറപ്പ് നല്‍കുന്നതെന്ന് സാനിയുടെ സഹോദരന്‍ ചോദിക്കുന്നു. പലതവണ കുടുംബം റാപ്പിഡോയുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അനുകൂലമായ യാതൊരു ഇടപെടലും ഉണ്ടായില്ലെന്നും സഹോദരൻ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button