യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂർ കൊലക്കേസിൽ പ്രതിയായ സിപിഎം പ്രവർത്തകൻ സുഹൈലിനെതിരെ പോക്സോ കേസ്

കണ്ണൂർ: യൂത്ത് ലീഗ് പ്രവർത്തകനായിരുന്ന പെരിങ്ങത്തൂരിലെ സുഹൈലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സുഹൈലിനെതിരെ പോക്സോ കേസ്. കോഴിക്കോട് ചേവായൂർ പൊലീസാണ് ചൊക്ലി സ്വദേശിയും സിപിഎം പ്രവർത്തകനുമായ സുഹൈലിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. കർണാടകയിലും ആന്ധ്രാപ്രദേശിലും കൊള്ള നടത്തിയ കേസിലും സുഹൈൽ പ്രതിയായിരുന്നു. 36 ദിവസം മുമ്പ് കോഴിക്കോട് നിന്ന് കാണാതായ പെൺകുട്ടിയെ കൊളവല്ലൂരിൽ താമസിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് സുഹൈലിനെതിരെ കേസെടുത്തത്. പെൺകുട്ടിയെ പൊലീസ് രക്ഷിച്ചെങ്കിലും സുഹൈൽ അടക്കമുള്ള പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല. സുഹൈൽ ഇപ്പോഴും കൂത്തുപറമ്പ് മേഖലയിൽ സജീവമായുണ്ട് എന്നാണ് വിവരം.2021 ഏപ്രിൽ ആറിന് നിയമസഭാ തെരഞ്ഞെടുപ്പ് ദിവസമാണ് യൂത്ത് ലീഗ് പ്രവർത്തകനായിരുന്ന മൻസൂറിനെ സുഹൈൽ അടക്കമുള്ള സംഘം ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊന്നത്. കേസിൽ ഒന്നര വർഷത്തോളം ജയിലിൽ കഴിഞ്ഞപ്പോൾ സിപിഎം ആയിരുന്നു സുഹൈലിന്റെ വീട്ടിലെ കാര്യങ്ങൾ നോക്കിയിരുന്നത്. ജാമ്യം നേടിയ ശേഷവും സുഹൈലിന് കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ടായിരുന്നു. അതിനിടെ 2023 ജൂലൈയിൽ ചിക്മംഗ്ലൂർ ദേശീയപാതയിൽ കൊള്ളനടത്തിയതിന് ബംഗളൂരു പൊലീസ് സുഹൈലിനെ അറസ്റ്റ് ചെയ്തിരുന്നു. കർണാടക ജയിലിൽ നിന്ന് ഇറങ്ങിയ സുഹൈൽ ആന്ധ്രാപ്രദേശിലെ സത്യസായി ജില്ലയിൽ വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിലും പ്രതിയാണ്. ഈ കേസിൽ ആന്ധ്ര പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിയുന്നതിനിടെയാണ് ഇപ്പോൾ പോക്സോ കേസിൽ പ്രതിയായിരിക്കുന്നത്. നിരന്തരം ക്രിമിനൽ കേസിൽ പ്രതിയാകുന്ന സുഹൈലിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. സിപിഎം നേതാക്കളുടെ ഒത്താശയോടെയാണ് സുഹൈൽ സൈ്വര്യവിഹാരം നടത്തുന്നത് എന്നും ആക്ഷേപമുണ്ട്.




