കട്ടിലിനടിയിൽ ഒളിച്ചിരുന്ന പെൺകുട്ടിയെ പോലും വെറുതേവിട്ടില്ല; കൊല്ലപ്പെട്ടത് ഒരുകുടുംബത്തിലെ നാലുപേർ; ബന്ധുവായ യുവാവ് അറസ്റ്റിൽ

ഹൈദരാബാദ്: തെലങ്കാനയെ നടുക്കിയ കൂട്ടക്കൊലക്കേസിൽ പ്രതി പിടിയിൽ. നൽഗോണ്ടയിൽ ഒരു കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തിയ സംഭവത്തിലാണ് ഹൈദരാബാദിൽ ടാക്സി ഡ്രൈവറായി ജോലിചെയ്യുന്ന സയീദ് അസ്ലമിനെ നാലുദിവസത്തിനുശേഷം പൊലീസ് പിടികൂടിയത്. കൊല്ലപ്പെട്ട മുഹമ്മദ് സുൽത്താൻ-ഹസീന ദമ്പതിമാരുടെ ബന്ധുവാണ് പ്രതിയെന്നും സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൂട്ടക്കൊലയിലേക്കും കവർച്ചയിലേക്കും നയിച്ചതെന്നും പൊലീസ് പറഞ്ഞു.
ജൂൺ 22-നാണ് നൽഗോണ്ടയിലെ വീട്ടിൽ ഒരുകുടുംബത്തിലെ നാലുപേരെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. നൽഗോണ്ടയിൽ താമസിക്കുന്ന മുഹമ്മദ് സുൽത്താൻ, ഭാര്യ ഹസീന, മക്കളായ മുസമ്മിൽ, അഫ്സറ എന്നിവരാണ് കൊല്ലപ്പെട്ടത്. പുറത്തുനിന്ന് പൂട്ടിയിട്ട വീട്ടിൽനിന്ന് ദുർഗന്ധം വമിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംശയം തോന്നിയ അയൽക്കാർ വീട്ടിനുള്ളിൽ കയറി പരിശോധിച്ചതോടെയാണ് അഴുകിയനിലയിൽ നാലുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. കിടക്കവിരിയിൽ പൊതിഞ്ഞനിലയിലായിരുന്നു നാലുമൃതദേഹങ്ങളും.
നാലുപേരും കുത്തേറ്റ് മരിച്ചതാണെന്നും സംഭവം കൂട്ടക്കൊലയാണെന്നും പ്രാഥമിക പരിശോധനയിൽ തന്നെ പൊലീസ് കണ്ടെത്തിയിരുന്നു. വീട്ടിൽനിന്ന് പണവും സ്വർണവും ആധാരങ്ങളും ഉൾപ്പെടെ നഷ്ടപ്പെട്ടതായും പൊലീസിന്റെ പരിശോധനയിൽ വ്യക്തമായി. സംഭവത്തിൽ പ്രതിയെ കണ്ടെത്താനായി അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നട്തിയത്. ഫൊറൻസിക് തെളിവുകളും സിസിടിവി ദൃശ്യങ്ങളും മൊബൈൽഫോൺ വിവരങ്ങളും ഉൾപ്പെടെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ സയീദ് അസ്ലമിനെ കസ്റ്റഡിയിലെടുത്തത്. അന്വേഷണത്തിന്റെ ഭാഗമായി അസ്ലം ഉൾപ്പെടെ ഇരുപതോളംപേരെയാണ് പൊലീസ് ചോദ്യംചെയ്തത്. ഒടുവിൽ ശാസ്ത്രീയ തെളിവുകളടക്കം നിരത്തി പൊലീസ് നടത്തിയ ചോദ്യംചെയ്യലിൽ അസ്ലം കുറ്റംസമ്മതിക്കുകയായിരുന്നു.




