കണ്ണൂർ: നീർത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മുഴുവൻ നീർത്തടങ്ങളിലും സമഗ്ര നീർത്തട പരിപാലന പദ്ധതി തയാറാക്കുന്നതിന്റെ സംസ്ഥാനതല പ്രഖ്യാപനം പേരാവൂരിൽ നടക്കുമെന്ന് ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ. 24ന് വൈകുന്നേരം അഞ്ചിന് പേരാവൂർ പുതിയ ബസ് സ്റ്റാൻഡിൽ മന്ത്രി എം.ബി. രാജേഷ് പ്രഖ്യാപനം നിർവഹിക്കും.
ബ്ലോക്കിലെ മുഴുവൻ നീർത്തടങ്ങൾക്കും സമഗ്ര നീർത്തട പരിപാലന പദ്ധതി തയാറാക്കിയ ആദ്യ ബ്ലോക്ക് പഞ്ചായത്തായി പേരാവൂർ മാറിയതിന്റെ പ്രഖ്യാപനവും മന്ത്രി നിർവഹിക്കും.നീരുറവ് -ജലാജ്ഞലി എന്ന പേരിൽ ഹരിത കേരളം മിഷന്റേയും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലാണ് പദ്ധതി തയാറാക്കുന്നത്. നീർച്ചാൽ ശൃംഖലകൾ കണ്ടെത്തി അവയുടെ വൃഷ്ടിപ്രദേശങ്ങളിൽ ഉൾപ്പടെ അനുയോജ്യമായ പരിപാലന പ്രവൃത്തികൾ നടത്തുന്ന സമഗ്ര രേഖയാണ് തയാറാക്കുക. പേരാവൂർ ബ്ലോക്കിലെ 70 നീർത്തടങ്ങളുടെ സമഗ്ര രേഖയാണ് ഇതിനകം തയാറാക്കിയത്. സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും. പത്രസമ്മേളനത്തിൽ കെ. സുധാകരൻ, പി. സുരേന്ദ്രൻ, ഇ.കെ. സോമശേഖരൻ എന്നിവരും പങ്കെടുത്തു.