വാഹന പരിശോധനയ്ക്കിടെ കാര്‍ തടഞ്ഞു, ഇടിച്ചിട്ട് രക്ഷപ്പെടാൻ ശ്രമം; സാഹസികമായി പിടികൂടി പൊലീസ്, ഡിക്കിയിലും പിൻസീറ്റിലുമായി പിടികൂടിയത് 38 കിലോ കഞ്ചാവ്

തൃശ്ശൂർ: കുന്നംകുളത്തിനടുത്ത് പെരുമ്പിലാവില്‍ വന്‍ കഞ്ചാവ് വേട്ട. 38 കിലോ കഞ്ചാവുമായി രണ്ട് പേരാണ് പൊലീസിന്‍റെ പിടിയിലായത്. കുന്നംകുളത്തിനടുത്ത് പെരുമ്പിലാവ് പട്ടാമ്പി റോഡില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വാഹന പരിശോധനയ്ക്കിടെ പൊലീസ് വാഹനത്തെ ഇടിച്ച് രക്ഷപെടാന്‍ ശ്രമിച്ച യുവാക്കളെയാണ് കഞ്ചാവുമായി പിടികൂടിയത്. ബംഗലൂരുവിൽ നിന്നും തൃശൂര്‍, കുന്നംകുളം ചാലക്കാട് ഭാഗത്തേക്ക് വില്‍പനയ്ക്ക് എത്തിച്ച 38 കിലോ കഞ്ചാവാണ് പിടിച്ചത്. പ്രതികൾ കാറിന്റെ പിന്‍ സീറ്റിലും ഡിക്കിയിലുമായാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. കുന്നംകുളം ചൊവ്വന്നൂർ മാന്തോപ്പ് സ്വദേശി സനൽ (24), മലപ്പുറം നന്നമുക്ക് പള്ളിക്കര സ്വദേശി മുബാഷിർ (25) എന്നിവരാണ് കാറിലുണ്ടായിരുന്നത്.പ്രതികളെ സാഹസികമായാണ് പൊലീസ് പിടിക്കൂടിയത്. പൊലീസിനെ കണ്ട് വാഹനം വെട്ടിച്ചു തിരിച്ച് രക്ഷപെടാന്‍ ശ്രമിച്ച പ്രതികളോട് നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും കൂട്ടാക്കിയില്ല. അതിനിടെ പൊലീസ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തില്‍ പ്രതികളുടെ കാർ ഇടിക്കുകയും ചെയ്തു. പൊലീസ് വാഹനങ്ങള്‍ മുന്നിലും പിന്നിലുമായി പ്രതികളുടെ വാഹനത്തെ ലോക്ക് ചെയ്താണ് പിടിക്കൂടിയത്. പ്രതികളിൽ ഒരാളായ സനൽ കുന്നംകുളം പോലീസ് സ്റ്റേഷനിലെ ആന്റി സോഷ്യല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണർ നകുൽ ദേശ് മുഖിന്‍റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘത്തിന്റെ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഓപ്പറേഷന്‍ തൂഫാന്‍ പ്രഖ്യാപിച്ച ശേഷം സിറ്റി ഡാന്‍സാഫ് ടീം നടത്തുന്ന മൂന്നാമത്തെ വലിയ ലഹരി വേട്ടയാണിത്. നേരത്തെ മണ്ണൂത്തിയില്‍ വച്ച് ആംബുലന്‍സില്‍ കടത്താന്‍ ശ്രമിച്ച ലഹരി വസ്തുവും കുന്നംകുളത്ത് കുക്കറില്‍ ഒളിപ്പിച്ച നിലയിലും കഞ്ചാവും പിടികൂടിയിരുന്നു.




