Uncategorized

പകർച്ചവ്യാധികളുടെ വ്യാപനം; സംസ്ഥാനത്ത് മൂന്ന് ദിവസം ഡ്രൈ ഡേ

തിരുവനന്തപുരം: പകർച്ചവ്യാധികളുടെ വ്യാപനം തടയാൻ സംസ്ഥാനത്ത് മൂന്ന് ദിവസം ഡ്രൈ ഡേ ആചരിക്കുമെന്ന് ആരോഗ്യവകുപ്പ്. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഡ്രൈ ഡേ ആചരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ആരോഗ്യവകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ പകർച്ചവ്യാധി പ്രതിരോധത്തിനായി വിളിച്ചുചേർത്ത ജില്ലാ കലക്ടർമാരുടെയും ജില്ലാ മെഡിക്കൽ ഓഫീസർമാരുടെയും അവലോകന യോഗത്തിലാണ് തീരുമാനം.

വെള്ളിയാഴ്ച‌ സ്‌കൂളുകളിലും ശനിയാഴ്‌ച ഓഫീസുകളിലും ഞായറാഴ്‌ച വീടുകളിലും ശുചീകരണ യജ്ഞം നടക്കും. ഡെങ്കിപ്പനി വ്യാപനത്തിൽ പ്രത്യേക ജാഗ്രത വേണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.

പാലക്കാട് ഇന്ന് ഒരാൾ ഡെങ്കിപ്പനി ബാധിച്ച് മരിച്ചിരുന്നു. കരിമ്പുഴ ആറ്റാശേരി സ്വദേശി ജിജോ മോഹനാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ജില്ലയിൽ ഒരാഴ്ചക്കിടെ മൂന്നാമത്തെയാളാണ് ഡെങ്കിപ്പനി ബാധിച്ച് മരിക്കുന്നത്.അതേസമയം കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി മലേറിയ സ്ഥിരീകരിച്ചു. വളയത്ത് താമസിക്കുന്ന അതിഥി തൊഴിലാളിക്കാണ് മലേറിയ സ്ഥിരീകരിച്ചത്. വളയം ടൗൺ ഉൾപ്പെടുന്ന പതിനാലാം വാർഡിലാണ് രോഗം റിപ്പോർട്ട് ചെയ്തത്. പ്രദേശത്ത് ആരോഗ്യവകുപ്പ് ജാഗ്രത നിർദേശം നൽകി. കോഴിക്കോട് ജില്ലയിൽ ഈ ആഴ്ച‌ മാത്രം മൂന്ന് പേർക്കാണ് മലേറിയ സ്ഥിരീകരിച്ചത്.

ജൂൺ 17 വരെയുള്ള കണക്കനുസരിച്ച് 1,67,222 പേരാണ് പനി ബാധിച്ച് സംസ്ഥാനത്ത് ചികിത്സ തേടിയിട്ടുണ്ട്. സംസ്ഥാനത്ത് ഈ മാസം മാത്രം 924 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. രോഗങ്ങളെ തടയാനുള്ള പ്രതിരോധ മാർഗങ്ങൾ ഉടനടി സ്വീകരിക്കാൻ സംസ്ഥാനത്തെ മുഴുവൻ അധികൃതർക്കും ആരോഗ്യവകുപ്പിൻ്റെ കർശന നിർദേശമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button