Uncategorized

കുവൈത്തിൽ വാഹനം മറിഞ്ഞ് തീപിടിത്തം; രണ്ട് പേർ മരിച്ചു, നിർത്തിയിട്ടിരുന്ന ബസുകളിലേക്കും തീ പടർന്നു

കുവൈത്ത് സിറ്റി: കുവൈത്തിലെ സുബ്ഹാൻ മേഖലയിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ രണ്ട് മരണം. നിയന്ത്രണം വിട്ട വാഹനം മറിഞ്ഞ് സമീപത്ത് നിർത്തിയിട്ടിരുന്ന നിരവധി ബസുകളിലേക്ക് ഇടിച്ചുകയറുകയും തുടർന്നുണ്ടായ വൻ തീപിടിത്തത്തിലുമാണ് രണ്ടുപേർ മരിച്ചത്. അപകട വിവരമറിഞ്ഞയുടൻ സുബ്ഹാൻ ഫയർ സ്റ്റേഷനിൽ നിന്നുള്ള അഗ്നിശമനസേനാ വിഭാഗം സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി. വാഹനങ്ങൾ കൂട്ടിയിടിച്ചതിനെ തുടർന്ന് തീ ആളിപ്പടരുകയായിരുന്നു. കാറിലെ തീ സമീപത്ത് പാർക്ക് ചെയ്തിരുന്ന ബസുകളിലേക്കും അതിവേഗം വ്യാപിക്കുകയും ഒന്നിലധികം വാഹനങ്ങൾ ഒന്നിച്ച് കത്തിയമരുകയുമായിരുന്നു.

അഗ്നിശമനസേനാ ഉദ്യോഗസ്ഥർ ഉടനടി രംഗത്തിറങ്ങി തീ കൂടുതൽ സ്ഥലങ്ങളിലേക്ക് പടരാതെ നിയന്ത്രണവിധേയമാക്കാൻ തീവ്രശ്രമം നടത്തി. കഠിനശ്രമത്തിനൊടുവിൽ വൻ ദുരന്തം ഒഴിവാക്കിക്കൊണ്ട് തീ പൂർണ്ണമായും അണയ്ക്കുകയും പ്രദേശം സുരക്ഷിതമാക്കുകയും ചെയ്തു. ഈ അപകടത്തിൽ രണ്ട് പേർ മരണപ്പെട്ടതായി ഫയർ ഫോഴ്സ് അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. മറ്റ് പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അഗ്നിശമന-സുരക്ഷാ നടപടികൾ പൂർത്തിയാക്കിയ ശേഷം, അപകടസ്ഥലം കൂടുതൽ തുടർനടപടികൾക്കായി ബന്ധപ്പെട്ട മറ്റ് സുരക്ഷാ വിഭാഗങ്ങൾക്ക് കൈമാറി. അപകടത്തിലേക്ക് നയിച്ച യഥാർത്ഥ കാരണങ്ങളും സാഹചര്യങ്ങളും കണ്ടെത്തുന്നതിനായി അധികൃതർ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button