Uncategorized

കനത്ത മഴയിൽ എൽപിജി ബോട്ടിലിങ് പ്ലാന്റിൽ വെള്ളം കയറി, 3000 സിലിണ്ടറുകൾ ഒഴുകിപ്പോയി; മുന്നറിയിപ്പ് അവഗണിച്ച് സിലിണ്ടർ കൈക്കലാക്കി നാട്ടുകാർ

റായ്ഗഡ്: കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ പ്ലാന്റിൽ വെള്ളം കയറി മൂവായിരത്തോളം ഗ്യാസ് സിലിണ്ടറുകൾ പുഴയിലൂടെ ഒഴുകിപ്പോയി. പുഴയിലൂടെ സിലിണ്ടറുകൾ കൂട്ടത്തോടെ ഒഴുകിനടക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. കനത്ത മഴയെത്തുടർന്ന് പ്ലാന്റിന്റെ സുരക്ഷാ മതിൽ തകരുകയും പ്രളയജലം അതിശക്തമായി പ്ലാന്റിനുള്ളിലേക്ക് ഇരച്ചുകയറുകയുമായിരുന്നു. ഇതോടെ പ്ലാന്റിൽ സൂക്ഷിച്ചിരുന്ന സിലിണ്ടറുകൾ പാതാൾഗംഗ പുഴയിലേക്കും അടുത്തുള്ള കായലിലേക്കും ഒഴുകിപ്പോയി.

ഒഴുകിപ്പോയ സിലിണ്ടറുകളിൽ പലതിലും പാചകവാതകം നിറച്ചിട്ടുണ്ടാകാമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പുഴയിലൂടെയോ സമീപപ്രദേശങ്ങളിലൂടെയോ ഒഴുകിനടക്കുന്ന ഗ്യാസ് സിലിണ്ടറുകൾ കണ്ടെത്തുന്ന ജനങ്ങൾ അവ ഉടൻ തന്നെ അധികൃതർക്കോ കമ്പനിക്കോ കൈമാറണമെന്ന് റായ്ഗഡ് കളക്ടർ കിഷൻ ജാവ്‌ലെ അറിയിച്ചു. ഒഴുകിപ്പോയ സിലിണ്ടറുകളിൽ ഗ്യാസ് ഉണ്ടോ എന്നോ, അവ സുരക്ഷിതമായ അവസ്ഥയിലാണോ എന്നോ ഉറപ്പില്ല. അതുകൊണ്ട് ഇവ വീട്ടിൽ കൊണ്ടുപോകുന്നതോ, തുറക്കാൻ ശ്രമിക്കുന്നതോ അപകടകരമാണെന്ന് അധികൃതർ അറിയിച്ചു.

പുഴയിൽ നിന്നും കിട്ടിയ സിലിണ്ടറുകൾ ആരും വീട്ടിൽ സൂക്ഷിക്കരുതെന്നും എത്രയും വേഗം ജില്ലാ ഭരണകൂടത്തെ അറിയിക്കണമെന്നും കളക്ടർ അഭ്യർത്ഥിച്ചു. എന്നാൽ മുന്നറിയിപ്പ് അവഗണിച്ച് കുത്തൊഴുകുള്ള വെള്ളത്തിൽ പലയിടത്തും അടിഞ്ഞ് കൂടിയ സിലിണ്ടറുകൾ നാട്ടുകാർ കൈക്കലാക്കിയെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ഒരാഴ്ചയായി മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുകയാണ്. വെള്ളപ്പൊക്കവും നദികൾ കരകവിഞ്ഞൊഴുകുന്നതുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ നേരിട്ട ജില്ലകളിലൊന്നാണ് റായ്ഗഡ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button