Uncategorized

വ്യോമസേനയുടെ ചരക്കുവിമാനം തകർന്നു വീണു; തീപിടിച്ചു, പൈലറ്റിന് വീരമൃത്യു

അസമിലെ ജോർഹട്ട് വ്യോമസേനാ താവളത്തിന് സമീപം ഇന്ത്യൻ വ്യോമസേനയുടെ (IAF) AN-32 (ആന്റനോവ്-32) ചരക്കുവിമാനം ലാൻഡിങ്ങിനിടെ തകർന്നു വീണു. അപകടത്തിൽ വിമാനത്തിൻ്റെ പൈലറ്റ് വീരമൃത്യു വരിച്ചു. സാങ്കേതിക തകരാറിനെ തുടർന്ന് വിമാനം റൺവേയ്ക്ക് പുറത്ത് ഇടിച്ചിറക്കിയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.
ചൈനീസ് അതിർത്തിക്ക് സമീപമുള്ള ഇന്ത്യയുടെ പ്രധാന ഫോർവേഡ് ബേസുകളിൽ ഒന്നായ ജോർഹട്ടിലായിരുന്നു അപകടം. ലാൻഡിങ്ങിനിടെ നിയന്ത്രണം നഷ്ടപ്പെട്ട വിമാനം റൺവേയ്ക്ക് സമീപം ഇടിച്ചിറക്കുകയായിരുന്നു. ഇതേത്തുടർന്ന് വിമാനത്തിന് തീപിടിക്കുകയും ആകാശത്തേക്ക് കിലോമീറ്ററുകളോളം ദൂരത്തിൽ പുകപടലങ്ങൾ ഉയരുകയും ചെയ്തു.
വ്യോമസേനയുടെ സ്വന്തം ഫയർ ഫൈറ്റിങ് യൂണിറ്റ് ഉടൻ തന്നെ സ്‌ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. വിമാനം പൂർണ്ണമായും കത്തിയമരുന്നതിന് മുൻപ് തന്നെ തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചെങ്കിലും പൈലറ്റിൻ്റെ ജീവൻ രക്ഷിക്കാനായില്ല. വിമാനത്തിന്റെ മുൻഭാഗം മുതൽ പകുതി വരെ കത്തിയ നിലയിലാണ്.

പൈലറ്റ് വീരമൃത്യു വരിച്ചതായി വ്യോമസേനാ കേന്ദ്രങ്ങൾ സൂചന നൽകുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ പേരോ മറ്റ് ഔദ്യോഗിക വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. വിമാനത്തിൽ കൂടുതൽ സൈനികർ ഉണ്ടായിരുന്നോ എന്ന കാര്യത്തിലും വ്യക്‌തത വരേണ്ടതുണ്ട്.സോവിയറ്റ് കാലഘട്ടത്തിലെ പഴയ വിമാനങ്ങളാണ് ആൻ്റിനോവ്-32 (AN-32) ചരക്കുവിമാനങ്ങൾ. ഇന്ത്യൻ വ്യോമസേന കഴിഞ്ഞ കുറച്ച് വർഷങ്ങളായി സർവീസിൽ നിന്നും ഘട്ടംഘട്ടമായി ഒഴിവാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന പഴയ മോഡൽ വിമാനമാണിത്. റഷ്യ-ഉക്രൈൻ സംയുക്ത ഉൽപ്പന്നമായ ഈ വിമാനത്തിന് പകരം പുതിയ ചരക്കുവിമാനങ്ങൾ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കവെയാണ് ഈ അപകടം. അപകടത്തിന് പിന്നിൽ സാങ്കേതിക തകരാറാണോ അതോ കാലാവസ്‌ഥാ വ്യതിയാനമാണോ എന്ന് കണ്ടെത്താൻ വ്യോമസേന ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button