Uncategorized

ഇറാനിൽ അമേരിക്കൻ വ്യോമാക്രമണം; ഹോർമുസ് അടച്ചു

തെഹ്റാൻ: ഇറാനെ ലക്ഷ്യമിട്ട് അമേരിക്കൻ സൈന്യം പുതിയ ഘട്ട വ്യോമാക്രമണങ്ങൾ നടത്തി. ഇതേത്തുടർന്ന് ഗൾഫ് മേഖലയിലെ യുഎസ് സൈന്യത്തിന് നേരെ ശക്തമായ തിരിച്ചടി നൽകിയ ഇറാൻ, ആഗോളതലത്തിൽ അതീവ പ്രാധാന്യമുള്ള ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടുന്നതായും പുതിയ നാവിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതായും പ്രഖ്യാപിച്ചു. കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കുള്ളിൽ മേഖലയിൽ വൻ യുദ്ധസമാനമായ സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത്.
അമേരിക്കൻ സെൻട്രൽ കമാൻഡ് (CENTCOM) ഇറാനിലെ വിവിധ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് തുടർച്ചയായ രണ്ടാം ദിവസവും ശക്തമായ വ്യോമാക്രമണമാണ് നടത്തുന്നത്. ഇത് തങ്ങളുടെ സ്വയംരക്ഷയ്ക്ക് വേണ്ടിയുള്ള നടപടിയാണെന്നാണ് അമേരിക്ക അവകാശപ്പെടുന്നത്. ഇറാന്റെ തെക്കൻ മേഖലകളിലും പടിഞ്ഞാറൻ തെഹ്റാനിലും ശക്തമായ സ്ഫോടന ശബ്‌ദങ്ങൾ കേട്ടതായും ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ സജീവമായതായും ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാൻ്റെ നിരീക്ഷണ സംവിധാനങ്ങൾ, ആശയവിനിമയ ശൃംഖലകൾ, വ്യോമപ്രതിരോധ കേന്ദ്രങ്ങൾ എന്നിവ തകർത്തതായും ആക്രമണം പൂർത്തിയായതായും യുഎസ് സൈന്യം അറിയിച്ചു. പ്രസിഡൻ്റ് ട്രംപിൻ് നേരിട്ടുള്ള നിർദേശപ്രകാരമായിരുന്നു ഈ നടപടി.
അമേരിക്കൻ ആക്രമണത്തിന് മറുപടിയായി, അന്താരാഷ്ട്ര എണ്ണക്കടത്തിന് ഏറ്റവും പ്രധാനപ്പെട്ട തന്ത്രപ്രധാന പാതയായ ഹോർമുസ് കടലിടുക്ക് പൂർണമായും അടച്ചുപൂട്ടുന്നതായി ഇറാൻ്റെ ഉന്നത സൈനിക നേതൃത്വം പ്രഖ്യാപിച്ചു. ഈ മേഖലയിൽ നിന്ന് എല്ലാത്തരം കപ്പലുകളും മാറിനിൽക്കണമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിന് പിന്നാലെ, അടച്ചുപൂട്ടിയ കടലിടുക്കിലൂടെ സഞ്ചരിക്കാൻ ശ്രമിച്ച രണ്ട് വാണിജ്യ കപ്പലുകൾക്ക് നേരെ ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ് കോർപ് ആക്രമണം നടത്തിയതായും സ്ഥിരീകരണമുണ്ട്.
അമേരിക്കൻ വ്യോമാക്രമണങ്ങൾക്ക് മറുപടിയായി യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ രണ്ട് ഘട്ടങ്ങളിലായി ശക്തമായ തിരിച്ചടി ആരംഭിച്ചു. മേഖലയിൽ അമേരിക്കൻ സൈനിക സാന്നിധ്യമുള്ള വിവിധ താവളങ്ങളിലായി ഏകദേശം 18 കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ഇറാന്റെ എയറോസ്പേസ്-നാവിക സേനകൾ സംയുക്തമായി ആക്രമണം നടത്തിയത്. അന്താരാഷ്ട്ര വാണിജ്യ കപ്പലുകൾക്കും യുഎസ് സൈന്യത്തിനും ഭീഷണിയായ ഇറാന്റെ ആക്രമണോത്സുകതയ്ക്ക് കൃത്യമായ മറുപടിയാണ് തങ്ങൾ നൽകിയതെന്നും തങ്ങൾ അതീവ ജാഗ്രതയിലാണെന്നും അമേരിക്കൻ സെൻട്രൽ കമാൻഡ് വ്യക്തമാക്കി.
ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചുപൂട്ടിയതോടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുകയാണ്. അന്താരാഷ്ട്ര വിപണിയിൽ ബാരലിന് രണ്ട് ഡോളറിലധികമാണ് ഒറ്റയടിക്ക് വർധിച്ചത്. ബ്രെന്റ് ക്രൂഡ് ഓയിൽ വില 2.47 ശതമാനം ഉയർന്ന് ബാരലിന് 95.40 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്‌സസ് ഇൻ്റർമീഡിയറ്റ് ക്രൂഡ് ഓയിൽ വില 2.89 ശതമാനം വർധിച്ച് 92.63 ഡോളറിലും എത്തിനിൽക്കുന്നു. ഇത് വരും ദിവസങ്ങളിൽ ആഗോള സമ്പദ്വ്യവസ്ഥയെ കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.
അമേരിക്കൻ പ്രതിനിധികൾ മുന്നോട്ട് വെച്ച കരാറിൽ ഒപ്പുവെക്കാൻ തെഹ്റാൻ തയ്യാറായില്ലെങ്കിൽ വരും ദിവസങ്ങളിലും ബോംബാക്രമണം തുടരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ഇറാൻ്റെ തലസ്ഥാനമായ തെഹ്റാനിൽ നിന്നും വെറും 64 കിലോമീറ്റർ മാത്രം അകലെയുള്ള ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഉൾപ്പെടെ 49 ടോമാഹോക്ക് മിസൈലുകളാണ് അമേരിക്ക വിന്യസിച്ചത്. പേർഷ്യൻ ഗൾഫിനോട് ചേർന്നുള്ള തെക്കുപടിഞ്ഞാറൻ ഇറാനിലെ റഡാർ, വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർക്കാൻ യുഎസ് യുദ്ധവിമാനങ്ങൾ ഇറാൻ്റെ ആകാശത്ത് ഇപ്പോഴും പ്രവർത്തനം തുടരുകയാണെന്നും ട്രംപ് വ്യക്തമാക്കി. ആക്രമണം നിർത്തണമെന്ന് ആവശ്യപ്പെട്ട് ഇറാൻ്റെ ഉന്നത ഉദ്യോഗസ്ഥർ തന്നെ ഫോണിൽ ബന്ധപ്പെട്ടിരുന്നതായും അദ്ദേഹം അവകാശപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button