വീടിന്റെ പിറകുവശത്തെ ഭിത്തി തുരന്നു, അകത്ത് കടന്നു, അടുക്കള സാധനങ്ങൾ വലിച്ചിട്ട നിലയിൽ, പക്ഷേ വിലപിടിപ്പുള്ളതൊന്നും നഷ്ടമായില്ല, അന്വേഷണം

മലപ്പുറം: അമരമ്പലത്ത് ആളില്ലാത്ത വീട്ടില്‍ മോഷണശ്രമം. അമരമ്പലം ഗാന്ധിപ്പടി ഉള്ളാട് സ്വദേശി ഉണ്ണി ഹസന്റെ വീട്ടിലാണ് വീടിന്റെ ഭിത്തി തുരന്ന് മോഷണത്തിന് ശ്രമമുണ്ടായത്. വീടിന്റെ പിറക് വശത്തെ ഭിത്തി തുരന്ന നിലയിലും വീട്ടിലെ സാധനങ്ങള്‍ മറിച്ചിട്ട നിലയിലുമാണ്. ഉണ്ണി ഹസനും കുടുംബവും ചെന്നൈയിലുള്ള മകളുടെ വീട്ടിൽ പോയ സമയത്താണ് വീടിന്റെ ഭിത്തി തുളച്ച് മോഷണ ശ്രമം നടന്നത്. ആരുമില്ലാത്ത തക്കം നോക്കിയാണ് മോഷ്ടാക്കള്‍ വീട്ടിലെത്തിയത്. വീടിന്റെ പിറകുവശത്തെ ഭിത്തിയില്‍ ദ്വാരമുണ്ടാക്കി അകത്തു കടന്നെങ്കിലും, വിലപിടിപ്പുള്ള ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് വീട്ടുടമസ്ഥന് പറയുന്നത്. വീട്ടില്‍ വിലപിടിപ്പുള്ള സ്വര്‍ണമോ പണമോ സൂക്ഷിച്ചിരുന്നില്ല.അതേസമയം, വീട്ടിലെ അടുക്കള ഭാഗത്തുള്ള ചില സാധനങ്ങളൊക്കെ മറിച്ചിട്ട നിലയിലാണ്. ഇന്നലെ രാത്രിയില്‍ നടന്ന മോഷണശ്രമത്തെക്കുറിച്ച് പൂക്കോട്ടുപാടം പോലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തുള്ള മറ്റു സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് പരിശോധിക്കും. നാട്ടുകാര്‍ക്ക് പൊലീസ് ജാഗ്രത നിര്‍ദ്ദേശം നല്കി. അധികനാള്‍ വീട് പൂട്ടി പോകുന്നവര്‍ പോലീസില്‍ അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.




