Uncategorized

മനോഹരമായ ജനാധിപത്യ പ്രക്രിയ; പുറത്തുവന്ന പട്ടിക തള്ളാതെ സന്ദീപ് വാര്യർ

കോഴിക്കോട്: സംസ്ഥാനത്ത് മുഖ്യമന്ത്രി ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ കെ സി വേണുഗോപാലിനെ പിന്തുണയ്ക്കുന്ന എംഎല്‍എമാരുടെ പട്ടിക പുറത്തുവന്നതില്‍ പ്രതികരിച്ച് സന്ദീപ് വാര്യര്‍. സിപിഐഎമ്മിലും ബിജെപിയിലും ഇല്ലാത്ത ആഭ്യന്തര ജനാധിപത്യം കോണ്‍ഗ്രസിലുണ്ടെന്നും എംഎല്‍എമാരുടെ അഭിപ്രായം തേടിയതായി വരുന്ന റിപ്പോര്‍ട്ടുകള്‍ കോണ്‍ഗ്രസിലെ ജനാധിപത്യ സൗന്ദര്യത്തെയാണ് കാണിക്കുന്നതെന്നായിരുന്നു തൃക്കരിപ്പൂരിന്‍റെ നിയുക്ത എംഎല്‍എ മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിച്ചത്.

സാധാരണക്കാരായ പ്രവര്‍ത്തകരുടെ ഉള്‍പ്പെടെ അഭിപ്രായങ്ങള്‍ കോണ്‍ഗ്രസ് കേള്‍ക്കുന്നു എന്നത് മനോഹരമായ ജനാധിപത്യ പ്രക്രിയയാണ്. കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യം ആ പാര്‍ട്ടി വിലയിരുത്തുമെന്നും കെ സി വേണുഗോപാലിനെയാണ് പിന്തുണയ്ക്കുന്നതെന്ന തരത്തിലുള്ള ചിത്രത്തെ കുറിച്ച് പ്രതികരിക്കുന്നില്ലെന്നും സന്ദീപ് വാര്യർ മാധ്യമങ്ങളോട് പറഞ്ഞു. പാണക്കാട് സന്ദര്‍ശനത്തിന് എത്തിയപ്പോഴായിരുന്നു സന്ദീപ് വാര്യര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് നേതൃത്വവും സാദിഖ് അലി ശിഹാബ് തങ്ങളും എടുക്കുന്ന തീരുമാനം യുഡിഎഫിന്റെ പ്രവര്‍ത്തകര്‍ നൂറുശതമാനം അംഗീകരിക്കുമെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫില്‍ അച്ചടക്കമുള്ള പ്രവര്‍ത്തകരാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

തൃക്കരിപ്പൂരിലെ വിജയത്തെ കുറിച്ചും സന്ദീപ് വാര്യർ പ്രതികരിച്ചു. തൃക്കരിപ്പൂര്‍ ഇടത് കോട്ടയാണെന്ന വ്യാജ ആഖ്യാനം പൊളിക്കുമെന്ന് പറഞ്ഞിരുന്നുവെന്നും അടിത്തട്ടില്‍ ഇറങ്ങി പ്രവര്‍ത്തിച്ചാല്‍ വിജയിക്കുമെന്ന് മനസിലാക്കിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഒരു വശത്ത് കള്ളവോട്ടടക്കം നേരിട്ടിട്ടും അതിനെയെല്ലാം പ്രതിരോധിച്ച് വിജയിക്കാന്‍ കഴിഞ്ഞെന്നും സന്ദീപ് വാര്യർ പറഞ്ഞു.

രാഷ്ട്രീയ അവസ്ഥയിലെ ഒരു വിഷമഘട്ടത്തില്‍ ചേര്‍ത്ത് നിര്‍ത്തിയ പ്രസ്ഥാനമാണ്. ആ നന്ദി മറക്കാന്‍ കഴിയില്ലെന്നാണ് പാണക്കാട് സന്ദര്‍ശനത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് സന്ദീപ് വാര്യര്‍ പ്രതികരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button