Uncategorized

യുഎഇയ്ക്ക് നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം, സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് ദുബായ്

അബുദാബി നാഷണൽ ഓയിൽ കമ്പനിയുടെ (അഡ്നോക്) എണ്ണ ടാങ്കറിനു നേരെ ഹോർമുസ് കടലിടുക്കിൽ ഇറാന്റെ വ്യോമാക്രമണം. ഹോർമുസ് കടക്കുന്നതിനിടെ രണ്ടു ഡ്രോണുകളാണ് അഡ്നോക്കിന്റെ കപ്പലിനു നേരെ ആക്രമണം നടത്തിയത്. ആർക്കും പരുക്കില്ല. ഇതിനു പിന്നാലെ, വൈകിട്ടോടെ ദുബായിൽ മിസൈൽ ആക്രമണ മുന്നറിയിപ്പും ജനങ്ങൾക്കു ലഭിച്ചു. വെടിനിർത്തൽ പ്രഖ്യാപിച്ചതിനു ശേഷം ആദ്യമായാണ് ദുബായ് സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിക്കുന്നത്. എവിടെയെങ്കിലും ആക്രമണം നടന്നതായി റിപ്പോർട്ട് ഇല്ല.

അഡ്നോക്കിന്റെ ഇന്ധന ടാങ്കറിനു നേരെ നടന്ന ആക്രമണത്തെ യുഎഇ കടുത്ത ഭാഷയിൽ അപലപിച്ചു. രാജ്യാന്തര സമുദ്ര ഗതാഗത നിയമത്തിന്റെ നഗ്നമായ ലംഘനമാണ് ഹോർമൂസ് കടലിടുക്കിൽ ഉണ്ടായതെന്നും ലോക ഊർജ സുരക്ഷയ്ക്കു നേരെയുണ്ടായ ഭീഷണിയാണിതെന്നും യുഎഇ പ്രസ്താവനയിൽ കുറ്റപ്പെടുത്തി. ആക്രമണം മേഖലയുടെ സ്ഥിരതയ്ക്കും ജനങ്ങളുടെ സുരക്ഷയ്ക്കും മാത്രമല്ല, രാജ്യാന്തര ഊർജ വിപണിക്കും ഭീഷണിയാണെന്നും യുഎഇ പറഞ്ഞു.ആക്രമണം എത്രയും വേഗം നിർത്തണമെന്ന് യുഎഇ ഇറാനോട് ആവശ്യപ്പെട്ടു. സമുദ്ര സുരക്ഷ ഉറപ്പാക്കണമെന്നും കപ്പലുകളുടെ സഞ്ചാര സ്വാതന്ത്ര്യം ബഹുമാനിക്കണമെന്നും ഇറാനോട് യുഎഇ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

ഈ സംഭവത്തിനു ശേഷമാണ് ദുബായിക്കു നേരെ ആക്രമണ ഭീഷണിയുണ്ടായത്. ഏപ്രിൽ 9ന് വെടിനിർത്തൽ പ്രഖ്യാപിച്ചതിനു ശേഷം രാജ്യം സാധാരണ നിലയിലേക്ക് അതിവേഗം മടങ്ങി വരുന്നതിനിടെയാണ് അപ്രതീക്ഷിതമായി മിസൈൽ ആക്രമണ മുന്നറിയിപ്പുമായി മൊബൈൽ ഫോണുകളിൽ അലർട് വന്നത്. ജനങ്ങളോടു സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറാൻ ആവശ്യപ്പെട്ടെങ്കിലും 10 മിനിറ്റിനു ശേഷം ജാഗ്രത നിർദേശം പിൻവലിച്ചു കൊണ്ടുള്ള സന്ദേശവും വന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button