നിതിൻ രാജിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. കണ്ണൂർ സിറ്റിപോലീസ് കമ്മീഷണറുടെ ശിപാർശയിൽ ഡിജിപി ഉത്തരവിറക്കി. ഡിജിപിയുടെ ഉത്തരവിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു. ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ തുടർച്ചയായിട്ടാണ് ക്രൈംബ്രാഞ്ചിന് കേസ് കൈമാറിയത്.
ഏപ്രിൽ 10നായിരുന്നു നിതിൻ രാജ് കോളജ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചത്. കേസിലെ ഒന്നാം പ്രതി എം.കെ റാം മുൻകൂർ ജാമ്യം തേടി കഴിഞ്ഞദിവസം ഹൈക്കോടതിയിൽ ഹരജി നൽകിയിരുന്നു. നിതിൻ രാജിനോട് മുൻവൈരാഗ്യം ഇല്ലെന്നും ലോൺ ആപ്പ് വായ്പ്പയുമായി തനിക്ക് ബന്ധമില്ലെന്നും ഡോ. എൻ.കെ. റാം ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യഹരജിയിൽ പറയുന്നു. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ തലശേരി അഡീഷണൽ സെഷൻസ് കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് റാം ഹൈക്കോടതിയെ സമീപിച്ചത്.
നിതിൻരാജ് മരിച്ച കേസിൽ ആത്മഹത്യാപ്രേരണാ കുറ്റവും എസ്.സി-എസ്.ടി വകുപ്പും ചുമത്തിയാണ് അധ്യാപകരായ റാമിനും ഡോ.കെ.ടി സംഗീത നമ്പ്യാർക്കുമെതിരെ കേസെടുത്തിരുന്നത്.




