Uncategorized

ചിഹ്നം മാറിയാൽ കഥ കഴിയും; ശൈലജയ്ക്കും സണ്ണി ജോസഫിനും തലവേദനയായി അപരന്മാർ! ചങ്കിടിപ്പേറ്റി പേരാവൂർ

കണ്ണൂർ: സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിന് ഇനി ഏതാനും നാളുകൾ മാത്രം അവശേഷിക്കെ പേരാവൂരിൽ രാഷ്ട്രീയ ചൂട് ഏറുകയാണ്. സംസ്ഥാനത്ത് ഏറ്റവും ശക്തമായ പോരാട്ടം നടക്കുന്ന, സ്റ്റാർ മണ്ഡലങ്ങളിലൊന്നാണ് പേരാവൂർ. കെപിസിസി പ്രസിഡന്റും തുടർച്ചയായി മൂന്ന് തവണ മണ്ഡലത്തിലെ എംഎൽഎയുമായ മുതിർന്ന നേതാവ് സണ്ണി ജോസഫ് തുടർച്ചയായ നാലാം ജയം ലക്ഷ്യമിട്ട് ഇറങ്ങുകയാണ്. എന്നാൽ, യുഡിഎഫ് കോട്ട പിടിച്ചെടുക്കാൻ കെ കെ ശൈലജയെയാണ് എൽഡിഎഫ് രം​ഗത്തിറക്കുന്നത്.

രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധയാകർഷിക്കുന്ന പേരാവൂരിൽ ഇത്തവണ ട്വിസ്റ്റുണ്ട്. പ്രധാന സ്ഥാനാർത്ഥികളായ ശൈലജയ്ക്കും സണ്ണി ജോസഫിനും തലവേദനയാകുന്നത് അപരൻമാരുടെ സാന്നിധ്യമാണ്. മണ്ഡലത്തിൽ കെ കെ ശൈലജയ്ക്ക് രണ്ട് അപരന്മാരുണ്ട്. സി ശൈലജ, ശൈലജ എ വി എന്നിവരാണ് കെ കെ ശൈലജയുടെ അപരൻമാർ. സണ്ണി ജോസഫിനും രണ്ട് അപര സ്ഥാനാര്‍ത്ഥികളാണുള്ളത്. എറണാകുളം വരാപ്പുഴ സ്വദേശി സണ്ണി ജോസഫ്, സണ്ണി എന്നിവരാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. കടുത്ത പോരാട്ടം നടക്കുന്ന മണ്ഡലമായതിനാൽ തന്നെ അപരൻമാർ പിടിക്കുന്ന വോട്ടുകൾ ഏറെ നിർണായകമാകും. പൈലി വാത്യാട്ടാണ് എൻഡിഎ സ്ഥാനാർത്ഥി.

ഒരേ നാട്ടുകാർ തമ്മിലുള്ള മത്സരമാണ് സണ്ണി ജോസഫും കെ കെ ശൈലജയും തമ്മിൽ നടക്കുക എന്നതാണ് മണ്ഡലത്തെ സ്പെഷ്യലാക്കുന്നത്. 2006ൽ യുഡിഎഫിന്റെ സിറ്റിം​ഗ് എംഎൽഎ ആയിരുന്ന എ ഡി മുസ്തഫയെ പരാജയപ്പെടുത്തി ശൈലജ പേരാവൂർ മണ്ഡലം പിടിച്ചിരുന്നു. തുടർന്ന് 2011ൽ സണ്ണി ജോസഫും ശൈലജയും നേർക്കുനേർ വന്നപ്പോൾ സണ്ണി ജോസഫ് മണ്ഡലം തിരിച്ചുപിടിച്ചു. 3,400ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. പിന്നീട് നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും വിജയിച്ച സണ്ണി ജോസഫ് ഹാട്രിക് തികച്ചു. നിലവിലെ വിവരങ്ങൾ പ്രകാരം ഏപ്രിൽ 9ന് നടക്കാനിരിക്കുന്ന അടുത്ത തെരഞ്ഞെടുപ്പിലും ശക്തമായ പോരാട്ടത്തിനാണ് മണ്ഡലം ഒരുങ്ങുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button