Uncategorized

കൊച്ചിയിൽ വീണ്ടും രാസലഹരി വേട്ട: ചേരാനല്ലൂരിലും വൈറ്റിലയിലുമായി രണ്ടുപേർ പിടിയിൽ

കൊച്ചി: നഗരത്തിൽ ലഹരിമരുന്ന് വിതരണം ചെയ്യുന്ന സംഘങ്ങൾക്കെതിരെ കൊച്ചി സിറ്റി പോലീസ് നടപടി ശക്തമാക്കുന്നു. വ്യത്യസ്ത ഇടങ്ങളിലായി നടത്തിയ പരിശോധനയിൽ 16 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. സംഭവത്തിൽ പള്ളുരുത്തി സ്വദേശി ഷമീർ, മരട് സ്വദേശി റിജോയ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നായിരുന്നു ചേരാനല്ലൂരിലെ പരിശോധന.

നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി.ഡി. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സിറ്റി ഡാൻസാഫ് ടീം ചേരാനല്ലൂർ വൈപടി ഭാഗത്തെ അപ്പാർട്ട്‌മെന്റിൽ നടത്തിയ റെയ്ഡിലാണ് 11.68 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്. പള്ളുരുത്തി അഷ്ന മൻസിലിൽ പിഎം ഷമീർ (50) ആണ് ഇവിടെ നിന്ന് പിടിയിലായത്. ഇയാൾ തോപ്പുംപടി, തൃക്കാക്കര, മരട് പോലീസ് സ്റ്റേഷനുകളിലും എറണാകുളം എക്സൈസ് റേഞ്ചിലും നേരത്തെ ലഹരിമരുന്ന് കേസുകളിൽ പ്രതിയായിട്ടുള്ളയാളാണ്. തൃക്കാക്കരയിൽ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയ ലഹരി ശൃംഖലയിലെ മുഖ്യകണ്ണിയായ കെവിൻ ബി. മാത്യു ആണ് ഷമീറിന് ലഹരിമരുന്ന് എത്തിച്ചുനൽകിയതെന്ന് പോലീസ് കണ്ടെത്തി.

മരട് പോലീസ് വൈറ്റില ഭാഗത്ത് നടത്തിയ പരിശോധനയിലാണ് രണ്ടാമത്തെ പ്രതി പിടിയിലായത്. മരട് തോമസ്‌പുരം കൊല്ലംപറമ്പിൽ വീട്ടിൽ റിജോയ് ബെക്‌സിൻ ഫ്രാൻസിസ് (23) ആണ് പിടിയിലായത്. ഇയാളുടെ കൈവശമുണ്ടായിരുന്ന 4.04 ഗ്രാം എംഡിഎംഎയും പൊലീസ് കണ്ടെടുത്തു. കൊച്ചി നഗരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വലിയ ലഹരി ശൃംഖലയെക്കുറിച്ച് വ്യക്തമായ സൂചനകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കാനാണ് സിറ്റി പോലീസിന്റെ തീരുമാനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button