കൊടുങ്ങല്ലൂരിൽ വീണ്ടും ഇ-ചലാൻ തട്ടിപ്പ്; യുവതിക്ക് നഷ്ടമായത് 60,900 രൂപ

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ വീണ്ടും വ്യാജ ഇ-ചലാൻ സന്ദേശം അയച്ചുള്ള സൈബർ തട്ടിപ്പ്. വാഹനത്തിന് ട്രാഫിക് നിയമലംഘനത്തിന് പിഴയുണ്ടെന്ന് വിശ്വസിപ്പിച്ച് എടവിലങ്ങ് സ്വദേശിനിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് തട്ടിപ്പുകാർ കവർന്നത് 60,900 രൂപ. സംഭവത്തിൽ യുവതി പൊലീസിൽ പരാതി നൽകി.
വാഹനത്തിന് ട്രാഫിക് നിയമലംഘനത്തിന് പിഴയുണ്ടെന്നും കൂടുതൽ വിവരങ്ങൾ അറിയാൻ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യണമെന്നുമുള്ള വ്യാജ എസ്എംഎസാണ് തട്ടിപ്പുകാർ അയച്ചത്. നവംബർ 16നാണ് യുവതിക്ക് സന്ദേശം ലഭിച്ചത്. ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ ഫോൺ നമ്പർ ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ തട്ടിപ്പുകാർക്ക് ലഭിച്ചു.തുടർന്ന് ഫോണിന്റെ വിവിധ പെർമിഷനുകൾ അനുവദിപ്പിച്ച് തട്ടിപ്പുകാർ നിർദേശിച്ച ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിക്കുകയായിരുന്നു. പിന്നാലെ നവംബർ 19ന് യുവതിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 60,900 രൂപ നഷ്ടമായി. തുടർന്ന് തൃശൂർ റൂറൽ സൈബർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതി പിന്നീട് കൊടുങ്ങല്ലൂർ പൊലീസിന് കൈമാറി.
കൊടുങ്ങല്ലൂരിൽ ഇത്തരത്തിലുള്ള ഇ-ചലാൻ തട്ടിപ്പ് വീണ്ടും റിപ്പോർട്ട് ചെയ്യുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുൻപ് സമാനമായ തട്ടിപ്പിലൂടെ കൊടുങ്ങല്ലൂർ സ്വദേശിയായ യുവാവിന് 3.16 ലക്ഷം രൂപ നഷ്ടമായിരുന്നു. വാഹനത്തിന് പിഴയുണ്ടെന്ന പേരിൽ ലഭിക്കുന്ന അപരിചിതമായ സന്ദേശങ്ങളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും ഔദ്യോഗിക വെബ്സൈറ്റുകൾ വഴി മാത്രം ചലാൻ വിവരങ്ങൾ പരിശോധിക്കണമെന്നുമാണ് മുന്നറിയിപ്പ്.




