Uncategorized

യുകെയില്‍ നിന്നുള്ള സ്‌കോച്ച് കണ്ടയ്‌നറുകള്‍ തടഞ്ഞ് കസ്റ്റംസ്; സ്‌കോച്ച് ഇറക്കുമതിക്ക് 150% തീരുവ വേണമെന്ന് ആവശ്യം

ഇന്ത്യ- യുകെ വ്യാപാര കരാറിന് പിന്നാലെ സ്‌കോച്ച് വിസ്‌കിയുടെ ഇറക്കുമതി തീരുവയെച്ചൊല്ലി തര്‍ക്കം. പെര്‍നോ റിക്കാര്‍ഡ്, ഡിയാജിയോ എന്നീ കമ്പനികള്‍ ഇറക്കുമതി ചെയ്ത ബള്‍ക്ക് സ്‌കോച്ച് അടങ്ങിയ നിരവധി കണ്ടെയ്‌നറുകള്‍ ഇന്ത്യന്‍ കസ്റ്റംസ് കഴിഞ്ഞയാഴ്ച്ച തടഞ്ഞുവച്ചിരുന്നു. ഇവയ്ക്ക് 150 ശതമാനം ഇറക്കുമതി തീരുവ ഈടാക്കണമെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. എന്നാല്‍ ഇന്ത്യ- യുകെ വ്യാപാര കരാര്‍ പ്രകാരമുള്ള കുറഞ്ഞ തീരുവയാണ് ബാധകമാകേണ്ടതെന്ന കേന്ദ്ര സര്‍ക്കാരിന്റെ ഉറപ്പിനെ ആശ്രയിച്ചാണ് കമ്പനികള്‍ ഇറക്കുമതി നടത്തിയത്.

തര്‍ക്കം എന്തിന്?
ജൂലൈയില്‍ പ്രാബല്യത്തില്‍ വന്ന ഇന്ത്യ- യുകെ വ്യാപാര കരാറുമായി ബന്ധപ്പെട്ട ആദ്യത്തെ പ്രധാന തര്‍ക്കമാണിത്. വിസ്‌കി ബ്രാന്‍ഡുകള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ബള്‍ക്ക് സ്‌കോച്ച് കോണ്‍സന്‍ട്രേറ്റുകള്‍ക്ക് വ്യാപാര കരാറിലെ കുറഞ്ഞ തീരുവയായ 75 ശതമാനം എന്ന ഇളവ് ലഭിക്കില്ലെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വാദം. കുപ്പിയിലാക്കി നേരിട്ട് ഉപയോഗിക്കാന്‍ കഴിയുന്ന ഫിനിഷ്ഡ് സ്‌കോച്ച് ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രമേ 75 ശതമാനം തീരുവ ബാധകമാകൂ എന്നാണ് വകുപ്പിന്‌റെ നിലപാട്. കുറഞ്ഞ തീരുവ തന്നെ ബാധകമാകുമെന്ന പ്രതീക്ഷയിലായിരുന്നു മദ്യ കമ്പനികള്‍.

ബള്‍ക്ക് സ്‌കോച്ചിന് 150% വേണമെന്ന് റവന്യൂ ഇന്റലിജന്‍സ്
ബള്‍ക്ക് സ്‌കോച്ചിന് ഇന്ത്യ-യുകെ വ്യാപാര കരാറിലെ ആനുകൂല്യം ഇറക്കുമതിക്കാര്‍ തെറ്റായി അവകാശപ്പെടുകയാണെന്നാണ് റവന്യൂ ഇന്റലിജന്‍സ് നിലപാട്. ഇറക്കുമതിക്കാര്‍ തെറ്റായി വ്യാഖ്യാനിക്കുന്നത് സര്‍ക്കാരിന്റെ നികുതി വരുമാനത്തില്‍ വലിയ നഷ്ടത്തിന് കാരണമാകുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതിനാല്‍ 150 ശതമാനം തീരുവ കൃത്യമായി ഈടാക്കണമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇന്ത്യയിലേക്കുള്ള സ്‌കോച്ച് കയറ്റുമതി 335 മില്യണ്‍ ഡോളര്‍
2024ല്‍ ഇന്ത്യയിലേക്കുള്ള സ്‌കോച്ച് കയറ്റുമതിയുടെ മൂല്യം 335 മില്യണ്‍ ഡോളറായിരുന്നു. ഇന്ത്യ-യുകെ വ്യാപാര കരാറിലൂടെ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത് 1.34 ബില്യണ്‍ ഡോളര്‍ കൂടി വര്‍ധിക്കാമെന്നാണ് സ്‌കോച്ച് വിസ്‌കി അസോസിയേഷന്റെ വിലയിരുത്തല്‍.ബ്രിട്ടനില്‍നിന്ന് ഇന്ത്യയിലേക്കെത്തുന്ന സ്‌കോച്ച് വിസ്‌കിയുടെ ഏകദേശം 80 ശതമാനവും ബള്‍ക്ക് രൂപത്തിലാണ് ഇറക്കുമതി ചെയ്യുന്നത്. ഇവ പിന്നീട് ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം നിര്‍മിക്കാന്‍ ഉപയോഗിക്കുന്നു. ചെറിയ അളവിലുള്ള സ്‌കോച്ച് മറ്റ് സ്പിരിറ്റുകളും ചേരുവകളുമായി കൂട്ടിച്ചേര്‍ത്താണ് ഈ വിഭാഗത്തിലെ മദ്യം നിര്‍മിക്കുന്നത്.

തുറമുഖങ്ങളില്‍ കുടുങ്ങിയത് 80ലേറെ കണ്ടെയ്‌നറുകള്‍
ഉയര്‍ന്ന തീരുവ നല്‍കാന്‍ കമ്പനികള്‍ തയ്യാറാകാത്തതിനാല്‍ നിരവധി കണ്ടെയ്‌നറുകള്‍ ഇന്ത്യന്‍ തുറമുഖങ്ങളില്‍ കസ്റ്റംസ് തടഞ്ഞുവച്ചിരിക്കുകയാണ്. പെര്‍നോ റിക്കാര്‍ഡിന്റെയും ഡിയാജിയോയുടെയും 40ലധികം കണ്ടെയ്‌നറുകള്‍ വീതം തുറമുഖങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. ഈ സ്ഥിതി നീണ്ടുനില്‍ക്കുന്നത് ഉല്‍പ്പന്നങ്ങളുടെ വിതരണത്തെ ബാധിച്ചേക്കാം. ബക്കാര്‍ഡിയുടെ അഞ്ച് കണ്ടെയ്‌നറുകളും തടഞ്ഞുവച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button