നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ മുഖ്യമന്ത്രി ആയതിനുശേഷം വി.ഡി സതീശന് കഴിയുന്നില്ല, LPST സമരപ്പന്തൽ ഞങ്ങൾ സംരക്ഷിക്കും: ചിന്ത ജെറോം

തിരുവനന്തപുരം: എൽപിഎസ്ടി ഉദ്യോഗാർഥികളുടെ സമരപ്പന്തൽ പൊളിച്ചുമാറ്റിയ പൊലീസ് നടപടിക്കെതിരെ ചിന്ത ജെറോം. നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ മുഖ്യമന്ത്രി ആയതിനുശേഷം വി.ഡി സതീശന് കഴിയുന്നില്ല. എൻ്റെ ശരീരം വേദനിക്കുന്നു എന്നാണ് വളർമതി ഇന്നലെ പൊലീസിനോട് പറഞ്ഞത്.
മെഡിക്കൽ റിപ്പോർട്ട് അടക്കം പോലീസ് കൈവശം വച്ചു. ഒരു ഭീകര ക്യാമ്പിനെ എങ്ങനെയാണ് കൊണ്ടുപോകുന്നത് അങ്ങനെയായിരുന്നു ഇന്നലത്തെ പോലീസ് നടപടി. ഡിവൈഎഫ്ഐ ഉടൻതന്നെ ബദൽ സമരപ്പന്തൽ സൃഷ്ടിച്ചു. ആ സമരപ്പന്തൽ ഞങ്ങൾ സംരക്ഷിക്കും. സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്കൊപ്പം ഏതറ്റം വരെയും പോകുമെന്നും ചിന്ത വ്യക്തമാക്കി.
സമാധാനപരമായി പ്രതിഷേധിക്കാൻ അവകാശമില്ലെന്നാണ് വി ഡി സതീശൻ സർക്കാർ പ്രഖ്യാപിച്ചതെന്ന് എ എ റഹീം എംപി പറഞ്ഞു. സമരങ്ങളോട് സർക്കാരിന് ഉള്ളത് ബിജെപി സമീപനമാണ്. കേരളത്തിലെ ആഭ്യന്തര ചുമതല അമിത് ഷാ ഏറ്റെടുത്തത് പോലെയാണ് പ്രവർത്തിച്ചതെന്നും അദ്ദേഹം ചൂണ്ടികാട്ടി.
ജന്തർ മന്തറിനെ അനുസ്മരിക്കുന്നതായിരുന്നു ഇന്നലത്തെ നടപടി. ജന്തർ മന്തറിൽ സോനം വാങ് ചുകിനെ അറസ്റ്റ് ചെയ്തത് പോലെയാണ് നടന്നത്. ബിജെപി ക്ക് പ്രചരണം ആയുധം നൽകുന്ന നടപടിയാണ് കേരളത്തിലെ കോൺഗ്രസ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. എന്താണ് ഇതിൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാടെന്നും കോൺഗ്രസ് ദേശീയ നേതൃത്വം ഇത് പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിചേർത്തു.
വി ഡി സതീശന്റെയും അമിത് ഷാ യുടെയും ശബ്ദം ഒരു പോലെയാണ്. ഇത് കേരളം തിരിച്ചറിയുമെന്നും അദ്ദേഹം ചൂണ്ടികാട്ടി. സർക്കാർ നടപടിയെ ഡിവൈഎഫ്ഐ ശക്തമായി അപലപിക്കുന്നുവെന്നും എ എ റഹീം എംപി വ്യക്തമാക്കി.




