Uncategorized

ചാല സർവീസ് റോഡിൽ ഗതാഗതക്കുരുക്ക് പതിവാകുന്നു; വൺവേ ലംഘനം പ്രശ്നം രൂക്ഷമാക്കുന്നു

ചാല: ദേശീയപാത 66ലെ ചാല അമ്പലത്തിന് സമീപമുള്ള സർവീസ് റോഡിൽ ഗതാഗതക്കുരുക്ക് പതിവാകുന്നു. കണ്ണൂരിൽനിന്ന് തലശ്ശേരി ഭാഗത്തേക്ക് പോകുന്ന സർവീസ് റോഡിലാണ് വാഹനങ്ങൾ കുടുങ്ങുന്നത്.
വീതി വളരെ കുറഞ്ഞ റോഡിലൂടെ കൂത്തുപറമ്പ് ഭാഗത്തേക്കുള്ള വാഹനങ്ങളാണ് പ്രധാനമായും സഞ്ചരിക്കുന്നത്. എന്നാൽ കൂത്തുപറമ്പിൽനിന്ന് വരുന്ന ചില വാഹനങ്ങൾ വൺവേ നിയമം ലംഘിച്ച് ഇതേ റോഡിലൂടെ കണ്ണൂർ ഭാഗത്തേക്ക് കടന്നുവരുന്നതാണ് കുരുക്കിന് കാരണം.

കൂത്തുപറമ്പിൽനിന്നുള്ള വാഹനങ്ങൾ മിംസ് ആശുപത്രി വഴി ദേശീയപാതയിൽ പ്രവേശിക്കണമെന്നാണ് നിലവിലെ നിർദേശം. എന്നാൽ എളുപ്പവഴി തേടി ചിലർ നിയമം ലംഘിക്കുന്നതായി നാട്ടുകാർ പറയുന്നു.

റോഡിന്റെ ഇടതുവശത്തുള്ള നടപ്പാതയുടെ സ്ലാബുകൾക്ക് മുകളിലൂടെ വലിയ വാഹനങ്ങൾ കയറ്റാൻ കഴിയില്ല. അതിനാൽ എതിർദിശയിൽ വാഹനങ്ങൾ എത്തിയാൽ ബസുകളും ലോറികളും റോഡിൽ നിർത്തേണ്ടിവരുന്നു. ചെറിയ വാഹനങ്ങൾ സ്ലാബുകളിൽ കയറ്റി ഒതുക്കുന്നതും ഗതാഗത തടസ്സത്തിന് കാരണമാകുന്നു.

തിങ്കളാഴ്ച രാവിലെയും വലിയ ഗതാഗതക്കുരുക്കുണ്ടായി. കണ്ണൂർ ഭാഗത്തുനിന്ന് ലോറി എത്തിയതും ചാല ഭാഗത്തുനിന്ന് നിരവധി വാഹനങ്ങൾ വൺവേ തെറ്റിച്ച് സർവീസ് റോഡിലേക്ക് കയറിയതുമാണ് കുരുക്ക് രൂക്ഷമാക്കിയത്.

കണ്ണൂർ ഭാഗത്തേക്കുള്ള സർവീസ് റോഡിന്റെ നിർമാണവും പൂർത്തിയായിട്ടില്ല. വൺവേ നിയമം കർശനമായി നടപ്പാക്കണമെന്നും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button