കാനഡയിൽനിന്ന് നാട്ടിലെത്തിയ യുവാവ് അയൽവീട്ടിൽ മരിച്ച നിലയിൽ

അമൃത്സർ: രണ്ടുമാസം മുമ്പ് കാനഡയിൽനിന്ന് നാട്ടിലെത്തിയ യുവാവിനെ അയൽവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പഞ്ചാബ് സ്വദേശി ഗുർദീപ് സിംഗാണ് (20) കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസിയും ഭാര്യയും ഉൾപ്പെടെ മൂന്നുപേർക്കെതിരെ പൊലിസ് കേസെടുത്തു.അയൽവാസിയും ഭാര്യയും ചേർന്ന് ഗുർദീപിന്റെ പക്കൽനിന്ന് ഒമ്പത് ലക്ഷം രൂപ തട്ടിയെടുക്കുകയും തുടർന്ന് ഷോക്കടിപ്പിച്ച് കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് കുടുംബത്തിന്റെ ആരോപണം. മൻപ്രീത് സിംഗ്, ഭാര്യ മന്ദീപ് കൗർ, ഇവരുടെ സഹായി സോണി എന്നിവർക്കെതിരെ ഗുർദീപിന്റെ പിതാവ് കരംജീത് സിംഗാണ് പൊലിസിൽ പരാതി നൽകിയത്. ഇതിൽ പ്രതികളിലൊരാളെ പൊലിസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
രണ്ടു വർഷം മുമ്പ് കാനഡയിലേക്ക് പോയ ഗുർദീപ്, രണ്ടു മാസം മുമ്പാണ് തിരിച്ചെത്തിയത്. വിമാനത്താവളത്തിൽ എത്തിയ ഉടൻ അയൽവാസിയായ യുവതി സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. കുടുംബത്തെ കാണാൻ പോലും സമ്മതിക്കാതെ അവർ ഗുർദീപിനെ തടഞ്ഞുവച്ചു. ഗുർദീപിൽ നിന്ന് അയൽവാസിയായ യുവതി ഒമ്പത് ലക്ഷത്തോളം രൂപ കൈക്കലാക്കി. ഈ പണം ഉപയോഗിച്ച് ട്രാക്ടറും ബൈക്കും ലാപ്ടോപ്പും വാങ്ങിയതായി അമ്മ ആരോപിക്കുന്നു.
കാനഡയിലായിരുന്നപ്പോൾ കുടുംബവുമായി സ്ഥിരമായി ഫോണിൽ സംസാരിച്ചിരുന്ന ഗുർദീപ്, നാട്ടിൽ തിരിച്ചെത്തിയ ശേഷം വീട്ടിലേക്ക് വന്നതേയില്ല. യുവാവിന്റെ മൊബൈൽ ഫോൺ പ്രതികൾ പിടിച്ചുവച്ചിരുന്നു. അയൽവീട് വിട്ടിറങ്ങാൻ യുവാവ് ഭയപ്പെട്ടിരുന്നുവെന്നും കുടുംബം പറയുന്നു.
ഗുർദീപിന് വിഷം നൽകുകയോ ഷോക്കടിപ്പിക്കുകയോ ചെയ്തതാവാമെന്നാണ് കുടുംബത്തിന്റെ സംശയം. ആരോഗ്യനില വഷളായ ശേഷമാണ് അയൽവാസികൾ വിവരമറിയിക്കുന്നത്. എന്നാൽ, മാതാപിതാക്കൾ അവിടെ എത്തുമ്പോഴേക്കും ഗുർദീപ് മരിച്ചിരുന്നു. മരണത്തിന് പിന്നിലെ ദുരൂഹതകളും കൃത്യത്തിന് പിന്നിലെ യഥാർഥ ഉദേശ്യവും കണ്ടെത്താൻ പൊലിസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.



