ജനലിലൂടെ താഴേക്ക് വീഴാനാഞ്ഞ് പെണ്കുട്ടി; താങ്ങിയെടുത്ത് മലയാളി? അദ്ഭുത രക്ഷ

ലണ്ടനിലെ ഇരുനില കെട്ടിടത്തിന്റെ ജനൽ വഴി താഴേക്ക് വീണ പെൺകുട്ടിക്ക് അദ്ഭുതരക്ഷ. ഈസ്റ്റ് ലണ്ടനിലെ ഇൽഫോർഡ് ഹൈ റോഡിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. കെട്ടിടത്തിന്റെ മുകൾ നിലയിലെ ജനാലയോട് ചേർന്ന് നിന്ന പെൺകുട്ടി അബദ്ധത്തിൽ താഴേക്ക് വീണതാണെന്നാണ് സംശയിക്കുന്നത്.
അപകടമുണ്ടായി 3.20 ഓടെ പൊലീസിന് വിവരം ലഭിച്ചു. സ്ഥലത്തേക്ക് ഓടിയെത്തുമ്പോൾ ഒരു സ്ത്രീ കുട്ടി തൂങ്ങിക്കിടക്കുന്ന ജനലിന് താഴെയുള്ള ബാൽക്കണിയിൽ സഹായം അഭ്യർഥിച്ച് നിൽക്കുകയായിരുന്നു. വീഴാതിരിക്കാൻ ആവോളം പെൺകുട്ടി പണിപ്പെടുന്നതായി വിഡിയോയിൽ കാണാം. താഴെ ആളുകൾ പരിഭ്രാന്തരായി നോക്കി നിൽക്കേ ബാൽക്കണികളിലൊന്നിൽ ഒരു പൊലീസുകാരൻ രക്ഷപെടുത്താനായെത്തി. താഴെ നിന്ന് ഏണിയുൾപ്പടെയുള്ളവ ആളുകൾ എത്തിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അത് കയറ്റാനായില്ല.
പെട്ടെന്നാണ് ഒരു ഷർട്ടില്ലാതെ പാന്റ്സ് മാത്രം ധരിച്ച ഒരാൾ ബാൽക്കണിയിലേക്ക് ഓടിയെത്തുകയും പിടിത്തം വിട്ട് താഴേക്ക് വീണ പെൺകുട്ടിയെ പിടിച്ചെടുക്കുകയും ചെയ്തത്. താഴെക്കൂടി നിന്ന ആൾക്കൂട്ടത്തിന് അപ്പോഴാണ് ശ്വാസം നേരെ വീണത്. അപകടമുണ്ടായി പത്തുമിനിറ്റിനകം പെൺകുട്ടിയെ രക്ഷപെടുത്തിയെന്നും ആർക്കും പരുക്കില്ലെന്നും പൊലീസ് അറിയിച്ചു. കുട്ടി അദ്ഭുതകരമായി രക്ഷപെട്ടതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൻ വൈറലാണ്. പൊലീസുകാരൻ്റെയും കുഞ്ഞിനെ താങ്ങിപ്പിടിച്ചയാളും അഭിനന്ദനം അർഹിക്കുന്നുവെന്നും ആളുകൾ കുറിച്ചിട്ടുണ്ട്.




