Uncategorized

കെ.എസ്.യു സ്ഥാപക നേതാവ് അഡ്വ. കെ.ഡി. ദേവസ്യ നിര്യാതനായി

തലശ്ശേരി: കേരള സ്റ്റുഡന്റ്സ് യൂണിയന്റെ (കെ.എസ്.യു.) സ്ഥാപക നേതാവും പ്രമുഖ കോൺഗ്രസ് നേതാവുമായ തലശ്ശേരി കൈതയ്ക്കൽ അഡ്വ. കെ.ഡി. ദേവസ്യ (87) നിര്യാതനായി. മുൻ മുഖ്യമന്ത്രിമാരായ എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി, മുൻ കേന്ദ്രമന്ത്രി വയലാർ രവി, വി.എം. സുധീരൻ എന്നിവർക്കൊപ്പം കെ.എസ്.യു. രൂപീകരിക്കുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ്. എ.കെ. ആന്റണി അടക്കമുള്ള പ്രമുഖ നേതാക്കൾ നിര്യാതനിൽ അനുശോചനം രേഖപ്പെടുത്തി.

വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തെത്തിയ അദ്ദേഹം കോഴിക്കോട് ദേവഗിരി കോളേജ് ചെയർമാൻ, എറണാകുളം ഗവ. ലോ കോളേജ് ജനറൽ സെക്രട്ടറി, തേവര മുരളി സമര കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഐ.എൻ.ടി.യു.സി. ജില്ലാ വൈസ് പ്രസിഡന്റ്, ആറളം ഫാം തൊഴിലാളി യൂണിയൻ പ്രസിഡന്റ്, തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്, കെ.പി.സി.സി., ഡി.സി.സി. അംഗം എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. നിയമരംഗത്ത് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ, ജില്ലാ ഗവൺമെന്റ് പ്ലീഡർ എന്നീ നിലകളിലും മികച്ച സേവനം കാഴ്ചവെച്ചു.

തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി സ്ഥാപക നേതാക്കളിലൊരാളും തലശ്ശേരി കോസ്മോപോളിറ്റൻ ക്ലബ് മുൻ പ്രസിഡന്റുമാണ്. പരേതരായ കൈതയ്ക്കൽ ദേവസ്യയുടെയും ത്രേസ്യയുടെയും മകനാണ്. ഭാര്യ: കിളിയന്ത്ര നടയ്ക്കൽ റോസമ്മ. മക്കൾ: ഡി.കെ. ബ്രിജേഷ് (കെ.പി.സി.സി. ജനറൽ സെക്രട്ടറി, കർണാടക), മഹേഷ് ഡി.കെ., സ്മിത ഡി.കെ., അഡ്വ. അനിൽ ഡി.കെ., വിനീത ഡി.കെ.

മൃതദേഹം ശനിയാഴ്ച വൈകിട്ട് നാല് മണിക്ക് തലശ്ശേരി കോടതിക്ക് സമീപമുള്ള വസതിയിൽ എത്തിക്കും. സംസ്കാര ശുശ്രൂഷകൾ ഞായറാഴ്ച രാവിലെ 10.45-ന് വസതിയിൽ ആരംഭിച്ച്
തലശ്ശേരി സെന്റ് ജോസഫ്സ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ നടക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button