Uncategorized

കായികമേളയിലെ പുഴു വിവാദം: പ്രതി ജിജോ ജെയിംസ് കോൺഗ്രസ് വിട്ട് ഡിവൈഎഫ്ഐയിൽ അംഗത്വം എടുത്തയാളെന്ന് ജിൻ്റോ ജോൺ

കൊച്ചി: സംസ്ഥാന സ്കൂൾ കായികമേളയുടെ ഭക്ഷണത്തിൽ പുഴുവിനെ കണ്ട സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച കായികാധ്യാപകൻ ജിജോ ജയിംസ് കോൺഗ്രസുകാരനാണെന്ന തരത്തിൽ നടക്കുന്ന പ്രചരണങ്ങൾ തെറ്റെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ജിൻ്റോ ജോൺ. ഇയാൾ നിലവിൽ കോൺഗ്രസിലോ, കോൺഗ്രസ് അനുകൂല അധ്യാപക സംഘടനയിലോ അംഗമല്ലെന്നും 2021-ൽ തന്നെ പാർട്ടി വിട്ടതാണെന്നും അദ്ദേഹം ഫെയ്‌സ്ബുക് പോസ്റ്റിൽ കുറിച്ചു.

പ്രതിയായ ജിജോ ജയിംസ് 2020-ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. എന്നാൽ അന്ന് ജയിച്ചത് കോൺഗ്രസ് റിബൽ സ്ഥാനാർത്ഥിയാണ്. ജയിച്ചയാളെ പിന്നീട് പാർട്ടിയിൽ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് 2021-ൽ ജിജോ ജയിംസ് കോൺഗ്രസ് വിട്ടുവെന്നാണ് ജിൻ്റോ ജോൺ പറയുന്നത്. തുടർന്ന് അന്നത്തെ സി.പി.എം ലോക്കൽ സെക്രട്ടറി ജോർജ്ജി ജോയിയുടെ നേതൃത്വത്തിൽ ഡി.വൈ.എഫ്.ഐ മെമ്പർഷിപ്പ് എടുത്താണ് ഇയാൾ പ്രവർത്തിച്ചു വന്നതെന്നും ഇദ്ദേഹം ആരോപിച്ചു. കോൺഗ്രസിൽ ആയിരുന്നപ്പോൾ അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എയിൽ അംഗമായിരുന്നെങ്കിലും പാർട്ടി വിട്ട ശേഷം അംഗത്വം പുതുക്കിയിട്ടില്ലെന്നും ഇദ്ദേഹം പറഞ്ഞു.

കഴിഞ്ഞ അഞ്ച് വർഷമായി കോൺഗ്രസിന്റെയോ അനുബന്ധ സംഘടനകളുടെയോ യാതൊരു പരിപാടികളിലും പങ്കെടുക്കാത്ത ഒരാളെ കോൺഗ്രസുകാരനായി ചിത്രീകരിക്കാൻ ചില മാധ്യമങ്ങളും ഇടത് കേന്ദ്രങ്ങളും മനഃപൂർവം ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുൻപ് കോൺഗ്രസിൽ പ്രവർത്തിച്ചിരുന്ന ടി.കെ. ഹംസ, പി. സരിൻ, കെ.പി. അനിൽകുമാർ, ലതിക സുഭാഷ്, പി.എസ്. പ്രശാന്ത് തുടങ്ങിയവർ നിലവിൽ നിൽക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഭാഗമായി പ്രവർത്തിക്കുന്നതുപോലെ മാത്രമാണ് ജിജോ ജയിംസിന്റെയും നിലവിലെ പശ്ചാത്തലം. ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ പ്രശാന്ത് മുൻപ് കോൺഗ്രസ് ചിഹ്നത്തിൽ മത്സരിച്ച വ്യക്തിയാണെങ്കിലും അദ്ദേഹത്തിന്റെ അന്നത്തെ ചിത്രം വെച്ച് കോൺഗ്രസിന് മേൽ കുറ്റം ചുമത്താത്തതുപോലെ, ഈ വിഷയത്തിലും പഴയ രാഷ്ട്രീയ ബന്ധം ഉയർത്തിക്കാട്ടി അപകീർത്തിപ്പെടുത്താനുള്ള നീക്കം അടിസ്ഥാനരഹിതമാണെന്നും ജിൻ്റോ ജോൺ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button