കോഴിക്കോട് യുവതിയെ ആറുവരിപ്പാതയുടെ നടുവിൽ ഇറക്കിവിട്ട് സ്വകാര്യ ബസ്സിൻ്റെ ക്രൂരത

കോഴിക്കോട് യുവതിയെ ആറുവരിപ്പാതയിൽ നടുറോഡിൽ ഇറക്കി വിട്ട് സ്വകാര്യ ബസ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതിയെയാണ് സ്റ്റോപ്പിൽ ഇറക്കാതെ റോഡിൽ ഇറക്കി വിട്ടത്. സ്റ്റോപ്പ് എത്തിയപ്പോൾ നിർത്താൻ ആവശ്യപ്പെട്ടിട്ടും ബസ് നിർത്തിയിരുന്നില്ല. ശേഷം കിലോമീറ്ററുകൾ കഴിഞ്ഞാണ് യുവതിയെ ഇറക്കി വിട്ടത്. ജോലികഴിഞ്ഞ് രാത്രിയിൽ മടങ്ങിവരുകയായിരുന്ന യുവതിയെ ഇറക്കി വിട്ടത് കണ്ണൂർ കോഴിക്കോട് റൂട്ടിലോടുന്ന കൃതിക ബസാണ്. ബസിനെതിരെ യുവതി പൊലീസ് പരാതി നൽകുകയും ചെയ്തു.
ആറുവരിപ്പാതയിൽ ബസുകൾ പാലിക്കേണ്ടുന്ന നിർദേശങ്ങൾ മുന്നേ തന്നെ മോട്ടോർ വാഹനവകുപ്പ് ഉൾപ്പെടെ പുറത്ത് വിട്ടിരുന്നു. എന്നാൽ ഈ നിർദേശങ്ങളെയെല്ലാം കാറ്റിൽ പറത്തിയാണ് കൃതിക ബസിൻ്റെ നടപടി. യാത്രക്കാരെ ആറുവരിപ്പാതയുടെ നടുവിൽ ഇറക്കി വിടാനോ ബസിൽ കയറ്റാനോ പാടുള്ളതല്ല.
ബസ് സർവീസ് റോഡിലൂടെയാകണം ഇത്തരം സാഹചര്യങ്ങളിൽ പോകേണ്ടത് എന്നും നിർദേശമുണ്ട്. കഴിഞ്ഞ മാസവും സമാന സംഭവം ഉണ്ടായിരുന്നു. അന്ന് യുവതി റോഡിൽ നിന്നും ഏണി ഉപയോഗിച്ചാണ് സർവീസ് റോഡിലേക്ക് ഇറങ്ങിയിരുന്നത്.




