Uncategorized

പുന്നപ്ര-വയലാര്‍ രക്തസാക്ഷി വാരാചരണം: ആലപ്പുഴയിലെ CPI-CPIM തര്‍ക്കത്തിന് പരിഹാരം

ആലപ്പുഴ: പുന്നപ്ര വയലാര്‍ വാരാചരണത്തെ ചൊല്ലിയുള്ള ആലപ്പുഴയിലെ സിപിഐഎം-സിപിഐ തര്‍ക്കത്തില്‍ പരിഹാരം. രാത്രി നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് വിഷയത്തില്‍ പരിഹാരം കണ്ടത്. സിപിഐഎം-സിപിഐ ജില്ലാ സെക്രട്ടറിമാര്‍ നടത്തിയ ചര്‍ച്ചയിലാണ് പരിഹാരമുണ്ടായത്. സിപിഐയുടെ രക്തസാക്ഷി മണ്ഡപത്തിലും പുഷ്പാര്‍ച്ചന നടത്തുമെന്ന് തീരുമാനിച്ചതോടെയാണ് തർക്കത്തിന് പരിഹാരമായത്. തർക്കത്തെ തുടർന്ന് ഇന്നലെ നടന്ന പുഷ്പാര്‍ച്ചനയില്‍ നിന്ന് സിപിഐഎം വിട്ട് നിന്നിരുന്നു. ഇതോടെ സിപിഐഎം നിലപാടിനെ വിമര്‍ശിച്ച് സിപിഐ രംഗത്ത് വരികയായിരുന്നു.

രക്തസാക്ഷികളെ അവഗണിച്ചത് രാജ്യദ്രോഹ കുറ്റത്തിന് സമാനമെന്ന് ആയിരുന്നു സിപിഐ ജില്ലാ കമ്മിറ്റി അംഗം ഇ കെ ജയന്‍ ഇന്നലെ പ്രതികരിച്ചത്. എന്നാല്‍ സിപിഐ അനാവശ്യ വിവാദം ഉണ്ടാക്കുന്നുവെന്നാണ് സിപിഐഎം പ്രതികരിച്ചത്. വിവാദം ആര്‍ക്കും ഗുണം ചെയ്യില്ലെന്ന് അമ്പലപ്പുഴ ഏരിയ സെക്രട്ടറി സാംജിയും പ്രതികരിച്ചിരുന്നു.പുന്നപ്രയിലെ സിപിഐഎമ്മിന്റെ രക്തസാക്ഷി ചരിത്ര സ്മാരകത്തിനു സമീപത്ത് സിപിഐ പുതിയതായി നിര്‍മ്മിച്ച മണ്ഡപത്തെ ചൊല്ലിയാണ് തര്‍ക്കം തുടങ്ങിയത്. രക്തസാക്ഷികള്‍ വെടിയേറ്റ് മരിച്ച പുന്നപ്രയിലെ സമരഭൂമിയില്‍ പുതിയതായി സിപിഐ നിര്‍മ്മിച്ച മൃതിമണ്ഡപം കഴിഞ്ഞ 18നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തത്.

പുന്നപ്രയിലെ വാരാചരണത്തിന്റെ ഭാഗമായി ഈ സ്മാരകത്തിലും പതാക ഉയര്‍ത്തലും പുഷ്പാര്‍ച്ചനയും വേണമെന്നായിരുന്നു സിപിഐയുടെ ആവശ്യം. എന്നാല്‍ സിപിഐഎം അമ്പലപ്പുഴ ഏരിയ കമ്മിറ്റി രേഖാമൂലം തന്നെ സിപിഐയെ എതിര്‍പ്പറയിച്ചു. സിപിഐ മണ്ഡപത്തെ രക്തസാക്ഷി സ്മാരകമായി പരിഗണിക്കാന്‍ കഴിയില്ലെന്ന് സിപിഐഎം പറഞ്ഞിരുന്നു. സിപിഐയുടെ സ്മാരകത്തില്‍ സംഘടിപ്പിച്ച പുഷ്പാര്‍ച്ചനയില്‍ നിന്നും സിപിഐഎം നേതാക്കള്‍ വിട്ടുനില്‍ക്കുകയും ചെയ്തു. ഇതോടെ കടുത്ത എതിര്‍പ്പുമായി സിപിഐ രംഗത്തെത്തി. സ്മാരകത്തെ സിപിഐഎം അവഗണിച്ചെന്നായിരുന്നു ആരോപണം. ഇതേതുടര്‍ന്ന് രക്തസാക്ഷി വാരാചരണ പരിപാടിയില്‍ നിന്ന് സിപിഐ വിട്ടു നിൽക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button