Uncategorized

നെടുമ്പാശ്ശേരി അപകടം: അപകടത്തിന് മുമ്പുള്ള നിര്‍ണായക ദൃശ്യങ്ങള്‍ പൊലീസിന്

കൊച്ചി: നെടുമ്പാശ്ശേരി നരഹത്യാ കേസില്‍ നിര്‍ണായക ദൃശ്യങ്ങള്‍ പൊലീസിന്. അപകടത്തിന് മുമ്പ് മിനി കൂപ്പര്‍ 150 കിലോമീറ്റര്‍ വേഗത്തില്‍ എത്തിയെന്നാണ് കണ്ടെത്തല്‍. സുഹൈലിനൊപ്പം യാത്ര ചെയ്ത ജോയലിന്റെ ഫോണിലാണ് സുപ്രധാന ദൃശ്യമുള്ളത്. അപകടത്തിന് അഞ്ച് സെക്കന്‍ഡ് മുമ്പെടുത്ത ദൃശ്യത്തില്‍ കാറിന്റെ സ്പീഡോമീറ്റര്‍ കാണാം. ഇതില്‍ വാഹനം സഞ്ചരിക്കുന്നത് 150 കിലോമീറ്റര്‍ വേഗതയിലാണെന്ന് വ്യക്തമാണെന്ന് പൊലീസ് അറിയിച്ചു.

ഈ മാസം 11നായിരുന്നു മദ്യലഹരിയില്‍ സുഹൈല്‍ സജീവ് ഓടിച്ച മിനി കൂപ്പര്‍ കാര്‍ മൂന്നുപേര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചത്. വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, കര്‍ണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവര്‍ അപകടത്തില്‍ തല്‍ക്ഷണം മരിച്ചിരുന്നു. തൃക്കാക്കര കരകൗശല വില്‍പ്പനശാലയില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്നവരായിരുന്നു മരിച്ച മൂന്ന് വിദ്യാര്‍ത്ഥികളും. സ്ഥാപനത്തിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം രാത്രിയില്‍ ചായ കുടിച്ച് മടങ്ങിവരവെയാണ് അപകടമുണ്ടായത്.

പ്രതി സുഹൈല്‍ സജീവ് നിലവില്‍ ബോസ്റ്റല്‍ സ്‌കൂളിലാണ് ഉള്ളത്. പ്രതിയുടെ പ്രായം പരിഗണിച്ചാണ് ബോസ്റ്റല്‍ സ്‌കൂളില്‍ പാര്‍പ്പിച്ചിരിക്കുന്നത്. പ്രതിയെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റണമെന്ന അപേക്ഷ കോടതി തള്ളിയിരുന്നു.അതേസമയം കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ ആവശ്യപ്പെട്ട് അപകടത്തില്‍ മരിച്ച ഗോപികയുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. അഡ്വ. ജോണ്‍ എസ് റാല്‍ഫിന്റെ പേരാണ് കുടുംബം നിര്‍ദേശിച്ചിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കുമാണ് കുടുംബം കത്ത് നല്‍കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button