സുപ്രീം കോടതി വിധിക്ക് പിന്നാലെ ഇഡിയും വേഗം കുറയ്ക്കുന്നു, പിണറായിക്കുള്ള സമൻസ് നിലനിൽക്കും; ഹാജരായില്ലെങ്കിൽ നിയമോപദേശം തേടും, തിടുക്കം കാട്ടില്ല

കൊച്ചി: സി എം ആർ എൽ – എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട വിജിലൻസ് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് സുപ്രീം കോടതിയിൽ നിന്ന് ആശ്വാസകരമായ വിധി ഉണ്ടായതിന് പിന്നാലെ ഇ ഡി കേസിലും തിടുക്കപ്പെട്ടുള്ള നടപടികൾ ഉണ്ടാകില്ല. ഈ വെള്ളിയാഴ്ച പിണറായിക്ക് ഹാജരാകാൻ സമൻസ് നൽകിയിട്ടുണ്ടെങ്കിലും ഭാവി നടപടികൾ ആലോചിച്ചായിരിക്കും കൈക്കൊള്ളുക. ഇ ഡി സ്പെഷ്യൽ ഡയറക്ടറുടെ നേതൃത്വത്തിൽ ഇന്ന് വൈകീട്ട് അഭിഭാഷകരുമായി യോഗം ചേർന്നാകും തുടർ നടപടികൾ ആലോചിക്കുക. ഹൈക്കോടതിയിൽ ഇ ഡി നടപടികൾ ചോദ്യം ചെയ്തുള്ള പിണറായിയുടെ അപ്പീൽ നിലനിൽക്കുന്നതിനാലാണ് തിടുക്കപ്പെട്ടുള്ള നീക്കം വേണ്ടെന്ന ആലോചനയിലേക്ക് അന്വേഷണ സംഘം എത്തിയത്. പക്ഷേ പിണറായിക്ക് കഴിഞ്ഞ ദിവസം നൽകി സമൻസ് നിലനിൽക്കുമെന്ന് ഇ ഡി വ്യക്തമാക്കി. ഹാജരായില്ലെങ്കിൽ നിയമോപദേശം തേടാനാണ് തീരുമാനം. എങ്കിലും അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ തീരുമാനം വരുന്നത് വരെ കാത്തിരിക്കും. വിജിലൻസ് കേസിലെ ഇന്നത്തെ സുപ്രീംകോടതി ഉത്തരവ് ഇ ഡിക്ക് തിരിച്ചടിയല്ലെന്നാണ് അനുമാനം. ഇ ഡിയുടെ കേസിലെ അന്വേഷണത്തിന് തടസമില്ലെങ്കിലും, വിജിലൻസ് അന്വേഷണം ഒരാഴ്ചത്തേക്ക് നിർത്തിവയ്ക്കാൻ സുപ്രീം കോടതി ഉത്തരവിട്ട പശ്ചാത്തലത്തിൽ തത്കാലത്തേക്ക് തുടർനീക്കങ്ങൾ ഉണ്ടാകില്ല.
പിണറായിക്ക് ആശ്വാസ വിധി
അതേസമയം സി എം ആർ എൽ – എക്സാലോജിക് ഇടപാടിലെ വിജിലൻസ് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് സുപ്രീംകോടതിയിൽ നിന്നുണ്ടായത് ആശ്വാസ വിധിയാണ്. പിണറായിക്കും മകൾ വീണയ്ക്കും മുൻ മന്ത്രി മുഹമ്മദ് റിയാസിനും എതിരായ വിജിലൻസ് അന്വേഷണം സുപ്രീംകോടതി ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. കേസിൽ എഫ് ഐ ആർ ഇട്ട് അന്വേഷണം വേണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ പിണറായി നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് കേൾക്കേണ്ടതായിരുന്നുവെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേസുമായി വിജിലൻസിന് മുന്നോട്ട് പോകാമെന്ന ഡിവിഷൻ ബെഞ്ച് ഉത്തരവ് റദ്ദാക്കിയ കോടതി, പ്രതികളുടെ ഭാഗം കേൾക്കാൻ നിർദേശിച്ചു. ഇ ഡി രജിസ്റ്റർ ചെയ്ത കേസിൽ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ഇത്ര വേഗം എഫ് ഐ ആർ രജിസ്റ്റർ ചെയ്തതെന്തിന് എന്ന് ചോദിച്ച കോടതി, സംസ്ഥാന സർക്കാരിന്‍റെ വേഗത്തെ പരിഹസിക്കുകയും ചെയ്തു. ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവർ അടങ്ങിയ ബഞ്ചാണ് നവരാത്രി അവധിയായിരുന്നിട്ടും പ്രത്യേക സിറ്റിംഗ് നടത്തി പിണറായി അടക്കമുള്ളവരുടെ ഹർജി പരിഗണിച്ചത്.




