കണ്ണീരോർമയായി; റാണിയ വാഹനാപകടം: മലയാളികൾ ഉൾപ്പെടെയുള്ള നേഴ്സുമാരുടെ മൃതദേഹം നാട്ടിലേക്ക്

സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മരിച്ച ഇന്ത്യക്കാരായ നഴ്സുമാരുടെ മൃതദേഹം നാട്ടിലേക്ക്. തായിഫിൽ നിന്ന് 350 കിലോമീറ്റർ അകലെ റാണിയായിൽ വാഹനാപകടത്തിൽ മരണപ്പെട്ട 4 പേരിൽ രണ്ടുപേരുടെ മൃതദേഹങ്ങൾ നാട്ടിൽ എത്തി. കോട്ടയം ഏറ്റുമാനൂർ സ്വദേശി ജോബിനാ ജോണിയുടെയും തമിഴ്നാട് തഞ്ചാവൂർ സ്വദേശിനി വിജയലക്ഷ്മിയുടെയും മൃതദേഹങ്ങളാണ് നാട്ടിൽ എത്തിയത്. കൊച്ചിയിലും ചെന്നൈയിലുമായി എത്തിയ മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങി.
കോട്ടയം കിടങ്ങൂർ സ്വദേശി ജയ്സിമോളുടെയും തമിഴ്നാട് തൃച്ചി സ്വദേശിനി ഹെപ്സിബ ദേവമണിയുടെയും മൃതദേഹങ്ങൾ ബുധനാഴ്ച നാട്ടിലെത്തുമെന്നാണ് വിവരം. ജിദ്ദയിൽ നിന്ന് ഇന്ന് വൈകിട്ടുള്ള ഗൾഫ് എയർ വിമാനത്തിൽ ബെഹ്റിൻ വഴിയാണ് കൊച്ചിയിലേക്കും ചെന്നൈയിലേക്കും എത്തുന്നത്. നാലുപേരുടെയും മൃതദേഹങ്ങൾ റാണിയ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു അവിടെ നിന്നും കഴിഞ്ഞ ബുധനാഴ്ചയാണ് എംബാമിംഗ് ചെയ്യാനായി ജിദ്ദയിൽ എത്തിച്ചത്. എയർഇന്ത്യയും ഇൻഡിഗോയും സൗദിയിലേക്കുള്ള വിമാനങ്ങൾ റദാക്കിയതിനെ തുടർന്നാണ് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കിയിട്ടും കൊണ്ടുപോകാൻ വൈകിയത്.
ജിദ്ദ നവോദയയാണ് നടപടികൾ പൂർത്തിയാക്കിയത്. മരുഭൂമിയിലെ ചെറുപട്ടണമായ റാണിയായിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലാതിരുന്നതിനാൽ നവോദയ ഏറ്റെടുത്തത്തിനെ തുടർന്ന് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് വെൽഫെയർ കമ്മിറ്റി അംഗവും നവോദയ ജീവകാരുണ്യ കമ്മിറ്റി ജോയിൻ കൺവീനറുമായ പന്തളം ഷാജി, മോബിൻ തോമസ് എന്നിവരുടെ പേരിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള വാക്കാലത്ത് കുടുംബം നൽകുകയായിരുന്നു



