Uncategorized

കോവളത്ത് പെണ്‍കുട്ടിയെ വിറ്റ സംഭവം; സ്പായില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടിയെ വീണ്ടും വില്‍ക്കാന്‍ പദ്ധതി

തിരുവനന്തപുരം: കോവളത്ത് 16 കാരിയെ ബന്ധു സ്പായില്‍ വിറ്റ സംഭവത്തില്‍ കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കോവളത്ത് നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടിയെ വീണ്ടും വില്‍ക്കാന്‍ ശ്രമിച്ചു എന്നാണ് പുറത്തുവരുന്ന വിവരം. സ്പാ ജീവനക്കാരനാണ് പെണ്‍കുട്ടിയെ രക്ഷിച്ചത്. കാണാതായതോടെ പ്രതികള്‍ പൊലീസ് സഹായം തേടുകയായിരുന്നു. പെണ്‍കുട്ടിയെ കണ്ടെത്തി കേരളത്തിന് പുറത്ത് വില്‍ക്കാനായിരുന്നു ഇവർ പദ്ധതി ഇട്ടിരുന്നത്. പെണ്‍കുട്ടി രക്ഷപ്പെട്ടാല്‍ വരുമാനം നിലക്കുമെന്നായിരുന്നു പ്രതികള്‍ക്ക് ഭയം. പൊലീസ് അന്വേഷണത്തില്‍ നെയ്യാര്‍ ഡാമിന് സമീപമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.

പെണ്‍കുട്ടിയെ കണ്ടെത്തിയതിന് പിന്നാലെ പൊലീസിന് തോന്നിയ സംശയമാണ് ഞെട്ടിക്കുന്ന കുറ്റകൃത്യത്തിന്റെ ചുരുളഴിച്ചത്. പെണ്‍കുട്ടിയുടേതെന്ന പറഞ്ഞ് ഇവര്‍ ഹാജരാക്കിയ ആധാറില്‍ 22 വയസായിരുന്നു രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ പൊലീസിന് ഇതില്‍ സംശയം തോന്നിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കുട്ടിക്ക് 16 വയസ് മാത്രമാണ് പ്രായം എന്ന് തിരിച്ചറിയുന്നത്. ആന്ധ്രയില്‍ നിന്ന് കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് ലഭിച്ചതോടെയാണ് പദ്ധതി പാളിയത്. പിന്നാലെ പെണ്‍കുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയതില്‍ നിന്നാണ് ക്രുരമായ ലൈംഗിക ചൂഷണത്തെ കുറിച്ചും വാണിഭ സംഘത്തെ കുറിച്ചുമുള്ള വിവരങ്ങള്‍ പുറത്ത് വരുന്നത്. പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും നേരത്തെ തന്നെ മരിച്ചിരുന്നു. അമ്മയുടെ സഹോദരിയാണ് കുട്ടിയെ വളര്‍ത്തിയിരുന്നത്. ഈ പെണ്‍കുട്ടിയെ വില്‍പ്പന നടത്തുന്നത് മാത്രമായിരുന്ന ഇവരുടെ വരുമാനം എന്ന ഞെട്ടിക്കുന്ന വിവരമാണ് പൊലീസ് പറയുന്നത്.

സ്പാകളുടെ പ്രവര്‍ത്തനത്തില്‍ വ്യാപകമായ പരാതിയാണ് നാട്ടുകാര്‍ ഉയര്‍ത്തുന്നത്. പ്രധാനമായും ഇത്തരം സംഘങ്ങള്‍ക്ക് പൊലീസില്‍ നിന്ന് ഒത്താശ ലഭിക്കുന്നെന്നാണ് ഇവര്‍ ആരോപിക്കുന്നത്. പലതവണ പരാതിപ്പെട്ടിട്ടും ഒരു ദിവസം പൂട്ടിയിട്ടതിന് ശേഷം സ്പാകള്‍ തൊട്ടടുത്ത ദിവസം തുറക്കുന്ന സ്ഥിതിയാണുള്ളത്. സംഭവത്തില്‍ നഗരസഭ കൃത്യമായ നടപടി സ്വീകരിക്കണമെന്ന് കാട്ടി നാട്ടുകാര്‍ മേയര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ്. സംഭവത്തിന് പിന്നാലെ കോവളത്തെ സ്പാകള്‍ കേന്ദ്രീകരിച്ച് വ്യാപകമായ തിരച്ചിലാണ് പൊലീസ് നടത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button