Uncategorized

നെടുമ്പാശ്ശേരി അപകടത്തോടെ റോഡിലെ പരിശോധന ശക്തമാക്കാന്‍ നിർദേശം; ഉദ്യോഗസ്ഥരില്ലാതെ വലഞ്ഞ് MVD

കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ റോഡിലെ പരിശോധനകള്‍ ശക്തമാക്കണമെന്ന് ആവശ്യമുയരുമ്പോൾ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാതെ വലഞ്ഞ് മോട്ടോര്‍ വാഹന വകുപ്പ്. സംസ്ഥാനത്ത് ആകെയുള്ളത് 99 മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരും 255 അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരും മാത്രമാണ്. അധികമായി ഉദ്യോഗസ്ഥരെ നിയമിക്കുന്നതിന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സര്‍ക്കാരിലേക്ക് നല്‍കിയ ശുപാര്‍ശ ഇപ്പോഴും തീരുമാനമാകാതെ നില്‍ക്കുന്നു. സര്‍ക്കാര്‍ റോഡ് സേഫ്റ്റി മിഷന്‍ പ്രഖ്യാപിച്ചെങ്കിലും റോഡില്‍ പരിശോധനയ്ക്കായി എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരില്ല.

1100നടുത്ത് മാത്രമാണ് യൂണിഫോമിട്ട എംവിഡി ഉദ്യോഗസ്ഥര്‍ എന്നാണ് വിവരം. റോഡുകളില്‍ അമിതവേഗതയില്‍ ചീറിപ്പായുന്ന ഉദ്യോഗസ്ഥരെ നിയന്ത്രിക്കാന്‍ ഉദ്യോഗസ്ഥരില്ലാത്ത സാഹചര്യമാണ് മോട്ടോര്‍വാഹന വകുപ്പിലുള്ളത്. റോഡുകള്‍ സ്‌ക്വാഡുകളായി തിരിഞ്ഞ് പരിശോധന നടത്തണമെന്ന് കോടതി ഉള്‍പ്പെടെ നിര്‍ദേശിച്ചിരുന്നതാണ്. എന്നാല്‍ 85 സ്‌ക്വാഡുകള്‍ മാത്രം സംസ്ഥാനത്ത് ഉടനീളമായി എംവിഡിക്കുള്ളത്. മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും പരിശോധന നടത്താന്‍ എംവിഡിക്ക് മതിയായ ഉദ്യോഗസ്ഥരില്ലെന്നതാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഇത് പരിഹരിക്കുന്നതിനായി എംവിഡി സര്‍ക്കാരുകള്‍ക്ക് ശുപാര്‍ശ നല്‍കിയിരുന്നു. 198 എംവിഐ ഉദ്യോഗസ്ഥരെയും 255 അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെയും അധിക പോസ്റ്റുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എംവിഡി നല്‍കിയ ശുപാര്‍ശയില്‍ ഇതുവരെ ഒരു തീരുമാനവും ഉണ്ടായിട്ടില്ല.അതിനിടെയാണ് സര്‍ക്കാര്‍ റോഡ് സേഫ്റ്റി മിഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ റോഡിലെ അപകടങ്ങള്‍ അമ്പത് ശതമാനം കുറയ്ക്കണമെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ മിഷന്‍ ആരംഭിക്കുന്നത്. എന്നാല്‍ ഇത് നടപ്പാക്കാനുള്ള ഉദ്യോഗസ്ഥരുടെ അംഗബലം എംവിഡിക്ക് ഇല്ലെന്നതാണ് വാസ്തവം. എംവിഡി ഉദ്യോഗസ്ഥര്‍ക്കായി പിഎസ്‌സി നടത്തിയ പരീക്ഷയുടെ 2024ല്‍ പുറത്ത് വന്ന റാങ്ക് ലിസ്റ്റ് നിലവിലിരിക്കുമ്പോള്‍ റിട്ടയര്‍ ചെയ്ത ഉദ്യോഗസ്ഥരുടെ ഒഴിവുകള്‍ മാത്രമാണ് നികത്തുന്നത്. 150ല്‍ താഴെയാണ് ഈ പട്ടികയില്‍ നിന്നുള്ള നിയമനങ്ങള്‍. അധികമായ തസ്തികകള്‍ സൃഷ്ടിച്ച് ഈ ലിസ്റ്റില്‍ നിന്നും ഉദ്യോഗാര്‍ത്ഥികളെ നിയമിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഇത്തരത്തില്‍ അടിയന്തരമായി എംവിഡി നേരിടുന്ന പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ആവശ്യപ്പെടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button