കൊല്ലത്ത് അമ്മയുടെ ശരീരത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; അശ്വതി അച്ചു പിടിയിൽ

കൊല്ലം: കൊല്ലം ആയൂരിൽ അമ്മയുടെ ശരീരത്ത് തിളച്ച വെള്ളം ഒഴിച്ച കേസിൽ രണ്ടാം പ്രതിയായ അശ്വതി അച്ചു പിടിയിൽ. ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ തിരുവനന്തപുരത്തെ ഫ്ലാറ്റിൽ നിന്നാണ് ചടയമംഗലം പൊലീസ് പിടികൂടിയത്. ഹണി ട്രാപ്പ് കേസിലെ പ്രതിയാണ് അശ്വതി അച്ചു. കേസിൽ ഒന്നാം പ്രതിയായ അശ്വതിയുടെ മകൾ അമൃത (18) നേരത്തെ അറസ്റ്റിലായിരുന്നു.
അശ്വതിയാണ് വെള്ളം തിളപ്പിച്ചതെന്നും പാത്രത്തിലാക്കി വച്ചശേഷം രാധാമണിയുടെ ദേഹത്തേക്ക് ഒഴിക്കാൻ തന്നോട് ആവശ്യപ്പെട്ടു എന്നുമാണ് അമൃതയുടെ മൊഴി. ഈ മാസം 26നാണ് ആയൂർ ഇടമുളക്കൽ സ്വദേശിനിയായ 61 കാരി രാധാമണിക്ക് പൊള്ളലേറ്റത്. വീടിന്റെ വരാന്തയിൽ ഇരിക്കുകയായിരുന്ന രാധാമണിയുടെ മുഖത്തേക്ക് അമൃത തിളച്ച വെള്ളം ഒഴിക്കുകയായിരുന്നു. മുഖത്തും കഴുത്തിലും ഗുരുതരമായി പൊള്ളലേറ്റ രാധാമണി ഇപ്പോഴും കടയ്ക്കലിലെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ രാത്രിയിൽ തന്നെ അശ്വതി മകളെ ഭർത്താവിന്റെ വീട്ടിൽ എത്തിച്ചു. അവിടെനിന്നാണ് അമൃതയെ പൊലീസ് പിടികൂടിയത്. കേസിൽ അമൃതയാണ് ഒന്നാം പ്രതി. പൊലീസുദ്യോഗസ്ഥരെയും മുൻ മന്ത്രിയും മുൻ എംഎൽഎയും അടക്കമുള്ള പ്രമുഖ നേതാക്കളെയും ഉൾപ്പെടെ ഹണി ട്രാപ്പിൽ കുടുക്കിയ അശ്വതി അച്ചു എന്നറിയപ്പെടുന്ന അശ്വതി മറ്റ് കേസുകളിലും പ്രതിയാണ്.




