Uncategorized

‘കണക്ടായിരുന്നെങ്കിൽ ആ പന്ത് സെക്കന്തരാബാദിൽ വീണേനെ’; സഞ്ജുവിന്‍റെ ബാറ്റിംഗ് വെടിക്കെട്ടിനെ പുകഴ്ത്തി ഗവാസ്കർ

ഹൈദരാബാദ്: വെസ്റ്റ് ഇൻഡീസിനെതിരായ നാലാം ടി20യിൽ ഇന്ത്യ പരാജയപ്പെട്ടെങ്കിലും മലയാളി താരം സഞ്ജു സാംസണിന്‍റെ ബാറ്റിങ് ശൈലിയെയും സമീപനത്തെയും വാനോളം പുകഴ്ത്തി മുൻ ഇന്ത്യൻ നായകൻ സുനിൽ ഗവാസ്കർ. പിച്ചിന്‍റെ സ്വഭാവം കൃത്യമായി മനസിലാക്കി അതിനനുസരിച്ച് ബാറ്റിങ്ങിൽ മാറ്റങ്ങൾ വരുത്താൻ സഞ്ജുവിന് സാധിച്ചുവെന്ന് ഗവാസ്കർ ചൂണ്ടിക്കാട്ടി. ഹൈദരാബാദിലെ ഉപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ വിൻഡീസ് ഉയർത്തിയ 248 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്കായി സഞ്ജു 23 പന്തിൽ 56 റൺസ് അടിച്ചുകൂട്ടിയിരുന്നു. എന്നാൽ ഇന്ത്യ 223 റൺസിന് പുറത്താകുകയും 24 റൺസിന്‍റെ തോൽവി വഴങ്ങുകയുമായിരുന്നു. മത്സരശേഷം സ്റ്റാർ സ്‌പോർട്സിൽ സംസാരിക്കവെയാണ് ഗവാസ്കർ സഞ്ജുവിന്‍റെ ഇന്നിങ്സിനെ വാഴ്ത്തിയത്.

ചില സമയങ്ങളിൽ സഞ്ജു തിടുക്കം കാണിക്കാറുണ്ട്. എന്നാൽ ടി20 ഫോർമാറ്റിൽ പോലും പിച്ച് എങ്ങനെയാണ് പെരുമാറുന്നതെന്ന് അറിയാൻ കുറച്ചു പന്തുകൾ നിരീക്ഷിക്കേണ്ടിവരും. പന്ത് നന്നായി ബാറ്റിലേക്ക് വരുന്നുണ്ടെന്ന് ഉറപ്പായശേഷം ഷോട്ടുകൾ കളിക്കാം. സഞ്ജു ഈ മത്സരത്തിൽ കൃത്യമായി അതുതന്നെയാണ് ചെയ്തത്. തുടക്കത്തിൽ സ്ട്രൈറ്റ് ബാറ്റുപയോഗിച്ച് കളിച്ചതോടെ വിന്‍ഡീസ് ബൗളർമാർ തന്ത്രം മാറ്റാൻ നിർബന്ധിതരായി. ബൗളർമാർ ലെങ്ത് കുറക്കാൻ നിർബന്ധിതരായതോടെ പന്തുകൾ ഷോർട്ടായി വന്നു. ഇതോടെ ഗ്രൗണ്ടിന്‍റെ വശങ്ങളിലേക്കും സഞ്ജുൻ തകർപ്പൻ ഷോട്ടുകൾ പായിക്കാൻ തുടങ്ങി. സഞ്ജു ആ ഇന്നിങ്സ് കെട്ടിപ്പടുത്ത രീതി വളരെ മനോഹരമായിരുന്നുവെന്നും ഗവാസ്കർ വ്യക്തമാക്കി.

കീമോ പോളിന്‍റെ പന്തിൽ സഞ്ജു പുറത്തായതിനെക്കുറിച്ചും ഗവാസ്കർ രസകരമായി പ്രതികരിച്ചു. അവസാന ഘട്ടത്തിൽ കീമോ പോൾ എറിഞ്ഞ പന്ത് സഞ്ജുവിന് ബാറ്റ് വീശാൻ ആവശ്യത്തിന് സ്പേസ് നൽകാത്തതായിരുന്നു. അതുകൊണ്ടാണ് അവൻ പുറത്തായത്. ബാറ്റ് പൂർണ്ണമായി സ്വിങ് ചെയ്യാൻ സാധിച്ചിരുന്നെങ്കിൽ ആ പന്ത് ചെന്ന് വീഴുക സെക്കന്തരാബാദിൽ ആയേനെയെന്നും ഗവാസ്കര്‍ കൂട്ടിച്ചേർത്തു.

സഞ്ജു കളംനിറഞ്ഞ് ആടിയപ്പോൾ മറുവശത്ത് ബാറ്റ് ചെയ്ത അഭിഷേക് ശർമ്മയ്ക്ക് ആവശ്യത്തിന് സ്ട്രൈക്ക് ലഭിക്കാതിരുന്നത് ടീമിന് തിരിച്ചടിയായെന്നും ഗവാസ്കർ നിരീക്ഷിച്ചു. 60 റൺസിന്‍റെ ഓപ്പണിങ് കൂട്ടുകെട്ടിൽ അഭിഷേകിന് മൂന്ന് പന്തുകൾ മാത്രമാണ് നേരിടാൻ കഴിഞ്ഞത്. സ്ട്രൈക്ക് ലഭിക്കാതിരുന്നത് അഭിഷേകിന്റെ താളം തെറ്റിച്ചെന്നും ഇതോടെ അഭിഷേക് 24 പന്തിൽ 29 റൺസെടുത്ത് പുറത്തായതെന്നും ഗവാസ്കർ ചൂണ്ടിക്കാട്ടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button