ഹോർമുസ് കടലിടുക്കിന് സമീപം കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണം: ഒരു കപ്പൽ മുങ്ങി, ഒരെണ്ണം മുങ്ങുന്നു; കപ്പലുകളിലെ ജീവനക്കാരെ കുറിച്ച് വിവരമില്ല

ദുബായ്: ഹോർമുസ് കടലിടുക്കിന് സമീപം രണ്ട് ചരക്ക് കപ്പലുകൾക്ക് നേരെ ആക്രമണം. ഒരു ചരക്കുകപ്പൽ മുങ്ങി. ആക്രമണം നേരിട്ട രണ്ടാമത്തെ ചരക്കുകകപ്പൽ മുങ്ങിക്കൊണ്ടിരിക്കുകയാണ്. സിംഗപ്പൂർ പതാകയേന്തിയ ‘ജി.എഫ്.എസ് പ്രൈഡ്’ എന്ന കണ്ടെയ്നർ കപ്പലാണ് ആക്രമണത്തിന് ഇരയായി മുങ്ങിയത്. മറ്റൊരു ചരക്കുകപ്പൽ മുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതേത് കപ്പലാണെന്ന് വ്യക്തത വന്നിട്ടില്ല.
യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന പിയോണീസ് ഷിപ്പ് മാനേജ്മെന്റ് നിയന്ത്രിക്കുന്ന ചെറിയ കണ്ടെയ്നർ കപ്പലാണ് മുങ്ങിയ ജി.എഫ്.എസ് പ്രൈഡ്. 2,824 ടി.ഇ.യു ശേഷിയുള്ള ഈ കപ്പലിന് നേരെ പ്രൊജക്ടൈൽ ആക്രമണം നടന്നുവെന്നാണ് വിവരം. രണ്ട് കപ്പലുകളിലെയും ജീവനക്കാരുടെ വിവരങ്ങളോ ഇവരുടെ ആരോഗ്യവിവരങ്ങളോ പുറത്തുവന്നിട്ടില്ല. ഇടക്കാല തെരഞ്ഞെടുപ്പിന് മുൻപ് ശക്തമായ ആക്രമണം ഇറാനെതിരെ നടത്തില്ലെന്ന് അമേരിക്ക വ്യക്തമാക്കിയിരുന്നു. എന്നാൽ അമേരിക്കയിൽ നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ ട്രംപിന് തിരിച്ചടിയുണ്ടാകണം എന്നാണ് ഇറാൻ്റെ താത്പര്യം. ഇതിനായി ഹോർമുസിൽ ആക്രമണം കടുപ്പിക്കാൻ ഇറാൻ ലക്ഷ്യമിടുന്നതായി നേരത്തേ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. അതിനാൽ തന്നെ ഇറാൻ തൊടുത്തുവിട്ട മിസൈൽ ആയിരിക്കാം കപ്പലുകളിൽ പതിച്ചതെന്നാണ് സംശയം. ഹോർമുസിൽ ആക്രമണം കടുപ്പിച്ച് അന്താരാഷ്ട്ര തലത്തിൽ എണ്ണവില കുത്തനെ ഉയർത്താനായാൽ അതിലൂടെ അമേരിക്കയെ സമ്മർദ്ദത്തിലാക്കാനും തെരഞ്ഞെടുപ്പിൽ ട്രംപിന് തിരിച്ചടി നൽകാനും സാധിക്കുമെന്നാണ് ഇറാൻ്റെ കണക്കുകൂട്ടൽ.നൽകിയിട്ടുണ്ട്.




