കാറിന് മുകളിലേക്ക് കൂറ്റൻ പാറക്കല്ല് പതിച്ച് കാർ യാത്രക്കാരൻ മരിച്ചു

ചെന്നൈ: നീലഗിരിയിൽ കൂറ്റൻ പാറക്കല്ല് റോഡിലേക്ക് വീണ് കാർ യാത്രക്കാരൻ മരിച്ചു. ഊട്ടി സ്വദേശി ബി. കൃഷ്ണമൂർത്തിയാണ് മരിച്ചത്. ഭാര്യയ്ക്കും ബന്ധുവിനും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.കഴിഞ്ഞ കുറച്ചുദിവസങ്ങളായി നീലഗിരി മേഖലയിൽ കനത്ത മഴ പെയ്യുന്നുണ്ട്. കുനൂർ മേട്ടുപ്പാളയം റോഡിലാണ് ദാരുണമായ അപകടമുണ്ടായത്. വ്യോമസേനയിലെ മുൻ ഉദ്യോഗസ്ഥനായ ബി. കൃഷ്ണമൂർത്തിയും ഭാര്യയും മകനുമടക്കം അഞ്ച് പേരാണ് മേട്ടുപ്പാളയത്തെ ബന്ധുവിന്റെ വീട്ടിലേക്ക് ചടങ്ങിൽ പങ്കെടുക്കാൻ പോയത്. ഇതിനിടെയാണ് അപകടമുണ്ടായത്.
കൂറ്റൻ പാറക്കല്ലുകൾ അപ്രതീക്ഷിതമായി റോഡിന്റെ ഒരു വശത്ത് നിന്ന് വീഴുകയായിരുന്നു. മുൻവശത്ത് ഇടതുനിരയിലാണ് കൃഷ്ണമൂർത്തി ഇരുന്നത്. ഈ ഭാഗത്തേക്കാണ് കല്ലുകൾ പതിച്ചത്. തൊട്ടുപിന്നിലിരുന്ന ഭാര്യ ദേവകി, ബന്ധുവായ ചിന്താമണി എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്.
കൃഷ്ണമൂർത്തിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മകനാണ് വാഹനമോടിച്ചിരുന്നത്. ഇവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി മഴ പെയ്യുന്നുണ്ട്. സംഭവത്തിൽ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




