Uncategorized

പഞ്ചാബിൽ പാകിസ്‌താൻ്റെ അടയാളങ്ങളുള്ള ലഹരിമരുന്നുമായി സ്ത്രീയടക്കം രണ്ട് പേർ പിടിയിൽ

ഛണ്ഡീഗഡ്: പഞ്ചാബിൽ അതിർത്തി കടന്നുള്ള ലഹരിക്കടത്ത് സംഘത്തെ പത്താൻകോട്ട് പൊലീസ് പിടികൂടി. ഒരു സ്ത്രീ അടക്കം രണ്ടുപേരാണ് അറസ്റ്റിലായത്. അന്താരാഷ്ട്ര വിപണിയിൽ 40 കോടിയിലധികം രൂപ വിലമതിക്കുന്ന 7.8 കിലോഗ്രാം ഹെറോയിൻ ഇവരിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു. അമൃതസറിലെ വടാല ഗ്രാമത്തിൽ നിന്നുള്ള ഗുർപന്ത്, ഗുർദാസ്പൂർ ധിയാൻപൂർ സ്വദേശിയായ ഹർമൻജീത് കൗർ എന്നിവരാണ് അറസ്റ്റിലായതെന്ന് പഞ്ചാബ് ഡി.ജി.പി ഗൗരവ് യാദവ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പത്താൻകോട്ട് സ്പെഷ്യൽ ബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് ഗുർപന്ത് ആദ്യം പിടിയിലാകുന്നത്. ഇയാളിൽ നിന്ന് 590 ഗ്രാം ഹെറോയിൻ കണ്ടെടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ ഫത്തേഗഡ് ചൂരിയനിലെ വാടകവീട്ടിൽ പൊലീസ് റെയ്ഡ് നടത്തി. ഇവിടെ നിന്നാണ് ഹർമൻജീത് കൗറിനെ അറസ്റ്റ് ചെയ്തത്. 7.23 കിലോഗ്രാം ഹെറോയിൻ ഈ വീട്ടിൽ നിന്നും പിടിച്ചെടുത്തതു.

പിടിച്ചെടുത്ത ലഹരിമരുന്ന് പാക്കറ്റുകളിൽ ചിലതിൽ പാകിസ്താൻ അടയാളങ്ങൾ ഉള്ളതായി പത്താൻകോട്ട് എസ്.എസ്.പി മൻപ്രീത് സിംഗ് പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ തന്നെ അതിർത്തി കടന്നുള്ള ലഹരിക്കടത്ത് ബന്ധം വ്യക്തമായിട്ടുണ്ട്. ഇയാളുടെ ഫോണിൽ നിന്ന് ലഹരിമരുന്ന് കൈമാറ്റവുമായി ബന്ധപ്പെട്ട വീഡിയോകളും സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളും ലഭിച്ചിട്ടുണ്ടെന്നും ഇത് അന്വേഷണത്തിന് കൂടുതൽ വഴിത്തിരിവാകുമെന്നും പൊലീസ് വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button