Uncategorized

അമിത് ഷായോട് മൂന്ന് ചോദ്യങ്ങളുമായി കോൺഗ്രസ്; എത്ര നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തി, നീക്കം ചെയ്തു, നാടുകടത്തി? കണക്ക് പുറത്തുവിടണമെന്ന് ജയറാം രമേശ്

ദില്ലി: തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (എസ്ഐആർ) വുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് ചോദ്യങ്ങളുമായി കോൺഗ്രസ്. എസ്ഐആറിലൂടെ എത്ര നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തിയെന്ന് വ്യക്തമാക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് ആവശ്യപ്പെട്ടു. എത്ര പേരെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്നും എത്ര പേരെ നാടുകടത്തിയെന്നും ചോദിച്ച ജയറാം രമേശ്, ഇതുമായി ബന്ധപ്പെട്ട കണക്ക് പുറത്തുവിടണമെന്നും എക്സിൽ പങ്കുവെച്ച പോസ്റ്റിൽ ആവശ്യപ്പെട്ടു.

“എസ്‌ഐആറിനെ ന്യായീകരിക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രിയോട് വളരെ ലളിതവും വ്യക്തവുമായ മൂന്ന് ചോദ്യങ്ങൾ ഇതാ: 1. എത്ര നുഴഞ്ഞുകയറ്റക്കാരെയാണ് കണ്ടെത്തിയത്? 2. എത്ര നുഴഞ്ഞുകയറ്റക്കാരെയാണ് നീക്കം ചെയ്തത്? 3. എത്ര നുഴഞ്ഞുകയറ്റക്കാരെയാണ് നാടുകടത്തിയത്? 100 കോടിയിലധികം ഇന്ത്യക്കാരാണ് എസ്‌ഐആർ പ്രക്രിയയിലൂടെ കടന്നുപോയത്. അതിന്റെ ഫലം അറിയാൻ അവർക്ക് അവകാശമുണ്ട്”- ജയറാം രമേശ് പറഞ്ഞു.

എസ്ഐആറിനെ, ‘ഷാ ഇൻസ്റ്റിഗേറ്റഡ് റിമൂവൽ’ എന്ന് വിമർശിച്ച ജയറാം രമേശ്, 14 കോടി ഇന്ത്യക്കാരുടെ ഭരണഘടനാപരമായ വോട്ടവകാശം കവർന്നെടുത്തുവെന്നും യാഥാർത്ഥ്യത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് നുഴഞ്ഞുകയറ്റക്കാരെന്ന വാദം ആവർത്തിച്ച് ഉന്നയിക്കുന്നതെന്നും പറഞ്ഞു. എസ്ഐആറിലൂടെ വോട്ടവകാശം നഷ്ടമായ 14 കോടി ഇന്ത്യക്കാരും നുഴഞ്ഞുകയറ്റക്കാരാണെന്നാണോ അമിത് ഷാ പറയുന്നതെന്നും ജയറാം രമേശ് ചോദിച്ചു. ആഭ്യന്തരമന്ത്രിയുടെ പദവിയിലിക്കെ നുഴഞ്ഞുകയറ്റക്കാരുടെ വൻ വർധനവിന് മേൽനോട്ടം വഹിക്കുകയാണോ ചെയ്തതെന്നും ജയറാം രമേശ് ചോദിച്ചു.അതിനിടെ, ജന്തർ മന്തറിൽ അതിക്രമിച്ചു പ്രതിഷേധം നടത്തിയതിന് അറസ്റ്റിലായ കോക്റോച്ച് ജനത പാർട്ടി (സിജെപി) നേതാക്കൾക്ക് പിന്തുണയുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. ജന്തർ മന്തറിൽ സമാധാനപരമായ പ്രതിഷേധത്തിൽ ദേശീയപതാക ഉയർത്തുന്നത് ഒരു കുറ്റമല്ലെന്ന് ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി, അതിന്റെ പേരിൽ യുവാക്കളെ ജയിലിലടയ്ക്കുന്നത് ഭീരുത്വമാണെന്നും പറഞ്ഞു. സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് രംഗ, അജിൻക്യ ഷിൻഡെ എന്നിവരെ അറസ്റ്റ് ചെയ്ത സംഭവത്തിലാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. മൂവരെയും സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് അഞ്ച് ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button