ഹൈന്ദവ സംഘടനയുടെ സന്ദർശനം; ഈഫൽ ടവറിലെ വനിതാ ജീവനക്കാരെ ജോലിയിൽ നിന്ന് മാറ്റിനിർത്തി, പ്രതിഷേധം

പാരിസ്: ഫ്രാൻസിൽ ഈഫൽ ടവറിലെ വനിതാ ജീവനക്കാരെ ജോലിയിൽ നിന്നും മാറ്റിനിർത്തിയതിൽ ഓപ്പറേറ്റിങ് കാമ്പനിയായ SETE-ക്കെതിരെ വിമർശനം. ബിഎപിഎസ് എന്ന ഹൈന്ദവ സംഘടനയുടെ പ്രതിനിധി സംഘം ഈഫൽ ടവർ സന്ദർശിക്കുന്നതിന്റെ ഭാഗമായാണ് വനിതാ ജീവനക്കാരെ മാറ്റിനിർത്തിയത്.
സ്ത്രീകളുമായുള്ള സമ്പർക്കം പരിമിതപ്പെടുത്തണമെന്ന് ബിഎപിഎസ് മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെ ഈഫൽ ടവറിലെ പ്രത്യേക സ്ഥലങ്ങളിൽ ഉൾപ്പെടെ സന്ദർശിക്കരുതെന്ന് ജീവനക്കാർക്ക് നിർദേശം നൽകുകയായിരുന്നു. വനിതാ ജീവനക്കാർക്ക് പകരം പുരുഷന്മാരെ നിയമിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്.
ഇതിനെതിരെ ജീവനക്കാരുടെ യൂണിയൻ പ്രതിഷേധവുമായി എത്തിയതോടെ ഈഫൽ ടവർ താത്കാലികമായി അടച്ചുപൂട്ടി. ഫ്രാൻസിലെ പ്രധാനപ്പെട്ട തൊഴിലാളി യൂണിയനുകളിൽ ഒന്നായ സിജിടി SETE-ക്കെതിരെ സമരം പ്രഖ്യാപിക്കുകയായിരുന്നു.
സംഭവം വിവാദമായതോടെ SETE ഖേദപ്രകടനം നടത്തി. ഇത്തരമൊരു ആവശ്യം അംഗീകരിക്കാൻ പാടില്ലായിരുന്നുവെന്ന് SETE പ്രസിഡന്റ് എറിയൽ വൈൽ പറഞ്ഞു. തുടർന്ന് ഇന്ന് അധികൃതരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം ഗോപുരത്തിലേക്കുള്ള പ്രവേശനം പുനഃസ്ഥാപിക്കുകയും ചെയ്.
ആരെയും ഗോപുരം സന്ദർശിക്കുന്നതിൽ നിന്ന് തടഞ്ഞിട്ടില്ലെന്ന് ബിഎപിഎസും പ്രതികരിച്ചു. തങ്ങൾ മൂലം ഉണ്ടാകുവാനിടയായ ബുദ്ധിമുട്ടുകൾക്ക് ക്ഷമ ചോദിക്കുന്നുവെന്നും ബിഎപിഎസ് പറഞ്ഞു. ഫ്രാൻസിലെ ലിംഗസമത്വ മന്ത്രി ഓറോർ ബർഗെ അടക്കമാണ് SETE-യുടെ തീരുമാനത്തെ വിമർശിച്ച് രംഗത്തെത്തിയത്.




