Uncategorized

പോരും ഇല്ല മത്സരവും ഇല്ല’; തദ്ദേശവകുപ്പില്‍ ഐഎഎസ് പോരെന്ന വാര്‍ത്തകള്‍ തള്ളി ദിവ്യ എസ് അയ്യര്‍

തിരുവനന്തപുരം: തദ്ദേശവകുപ്പില്‍ ഐഎഎസ് പോരെന്ന വാര്‍ത്തകള്‍ തള്ളി ദിവ്യ എസ് അയ്യര്‍. പോരും ഇല്ല മത്സരവും ഇല്ലെന്ന് പറഞ്ഞ ദിവ്യ എസ് അയ്യര്‍ മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പ്രൊജക്റ്റ് നടത്തുന്നതെന്നും വ്യക്തമാക്കി. സത്യമിതായിരിക്കെ ഭാവനകള്‍ ആണ് വാര്‍ത്തകളായി വരുന്നതെന്നും വലിയ സത്യങ്ങളും ചെറിയ നുണകളും തമ്മിലാണ് പോരെന്നും അഭിപ്രായപ്പെട്ടു.

മാലിന്യസംസ്‌കരണ പദ്ധതികളുമായി ബന്ധപ്പെട്ട് തദ്ദേശ വകുപ്പ് സെക്രട്ടറി ടി വി അനുപമയും പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ദിവ്യ എസ് അയ്യരും തമ്മില്‍ തര്‍ക്കം രൂക്ഷമാകുകായണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് പ്രതികരണം. സമൂഹമാധ്യമങ്ങളിലൂടെയാണ് ദിവ്യ എസ് അയ്യര്‍ പ്രതികരിച്ചത്.’പോരും ഇല്ലാ. പോരാത്തതിനു മത്സരവും ഇല്ലാ. മനുഷ്യരെ സ്‌നേഹിക്കുന്നു, പുല്‍കുന്നു. പുകഴ്ത്തുന്നു എന്ന് മാത്രമേ ഇന്നു വരെ മാധ്യമങ്ങളിലും സമുഹമാധ്യമങ്ങളിലും എന്നെ ‘പഴിചാരി’ കേട്ട ഓര്‍മ്മയുള്ളു. ഇപോള്‍ പോര്, മത്സരം, ചേരിതിരിവ് എന്നൊക്കെ കേള്‍ക്കുമ്പോള്‍ അത് ഞാന്‍ അല്ല, എന്നെക്കുറിച്ച് അല്ല എന്ന ഉറച്ചബോധ്യം മനസ്സില്‍ തെളിയുന്നുണ്ട്. ഒരുനാളും ഒരാളോടും ഞങ്ങള്‍ക്ക് തോന്നാത്ത വികാരങ്ങള്‍ ആണ് ഇവ. വ്യക്തമായ നിര്‍ദ്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ഞങ്ങള്‍ ക്യത്യനിര്‍വഹണം നടത്തിയിട്ടുണ്ട് എന്നതാണ് സത്യം. ഭാവനാവിരാജിതമായ പ്രചരണങ്ങള്‍ക്ക് വിരാമം ഇടണം എന്ന് അദ്യര്‍ത്ഥിക്കുന്നു. ഈയടുത്തകാലത്ത് ആദി എന്ന കവിയുടെ ഒരു കവിതയില്‍ വായിച്ചത് ഓര്‍ക്കുന്നു വലിയ സത്യങ്ങളും ചെറിയ നുണകളും തമ്മിലാണ് പോര്’, ദിവ്യ എസ് അയ്യര്‍ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

അനുപമയുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ച നിർമലം പരിപാടിയിൽ തനിക്ക് പ്രാധാന്യമില്ലെന്ന് ദിവ്യ എസ് അയ്യർ മന്ത്രിയെ കണ്ടു പരാതി അറിയിച്ചിരുന്നു എന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. ഇതിന് പിന്നാലെയാണ് ഐസി 100 എന്ന പദ്ധതി പ്രഖ്യാപിച്ചത്. പ്രിൻസിപ്പൽ ഡയറക്ടർക്ക് പ്രാതിനിധ്യം ഇല്ലെന്ന പരാതി പരിഹരിക്കാനാണ് രണ്ടു പദ്ധതി പ്രഖ്യാപിക്കേണ്ടി വന്നതെന്നും ഐസി 100 പദ്ധതിയിൽ വകുപ്പ് സെക്രട്ടറി അനുപമയ്ക്ക് റോൾ ഇല്ലെന്നും ആരോപണമുയർന്നിരുന്നു.

രണ്ടും വ്യത്യസ്ത പരിപാടികളാണെന്നായിരുന്നു തദ്ദേശവകുപ്പിന്‍റെ വിശദീകരണവും. ഒക്ടോബർ രണ്ടിന് പറവൂരിൽ മുഖ്യമന്ത്രിയാണ് നിർമ്മലം പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചത്. സർക്കാറിന്‍റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായുള്ള പൊതുജനപങ്കാളിത്തതോടെയുള്ള ക്യാമ്പയിൻ എന്നാണ് വിശേഷിപ്പിച്ചത്. നിർമ്മലം പുതുയുഗ ശുചിത്വ കേരളം പദ്ധതിയുടെ ഉത്തരവിറക്കിയത് തദ്ദേശ വകുപ്പ് സെക്രട്ടറി ടിവി അനുപമയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button