ആറളം വീർപ്പാട് തോത്തുമ്മലിൽ ആദിവാസി ഭൂമിയിൽ അനധികൃത ചെങ്കൽ ഖനനം നടക്കുന്നതായി പരാതി; അടിയന്തര നടപടി ആവശ്യപ്പെട്ട് നാട്ടുകാർ

കണ്ണൂർ: ആറളം പഞ്ചായത്തിലെ വീർപ്പാട് തോത്തുമ്മലിൽ ആദിവാസികൾക്ക് പതിച്ചുനൽകിയ ഭൂമിയിൽ അനധികൃതമായി ചെങ്കൽ ഖനനം നടക്കുന്നതായി വ്യാപക പരാതി. ജനവാസ മേഖലയ്ക്കും നിരവധി വീടുകൾക്കും തൊട്ടടുത്തായി നടത്തുന്ന ഈ ഖനനം വലിയ തോതിൽ പരിസ്ഥിതി നാശത്തിനും മണ്ണിടിച്ചിലിനും കാരണമാകുമെന്നാണ് പ്രദേശവാസികളുടെ പ്രധാന ആരോപണം.
വ്യാപകമായി പരാതികൾ ഉയർന്നിട്ടും റവന്യൂ അധികൃതർ സംഭവത്തിൽ കാര്യമായ നടപടി സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. ജനങ്ങളുടെ സുരക്ഷ മുൻനിർത്തി അധികൃതർ അടിയന്തരമായി ഇടപെട്ട് ഖനനം നിർത്തിവെക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ആദിവാസികൾക്ക് പതിച്ചുനൽകിയ ഭൂമിയിലെ ചെങ്കൽ ഖനനത്തിന് ഔദ്യോഗിക അനുമതിയുണ്ടോ എന്നും നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടോ എന്നും ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തരമായി പരിശോധിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
അതേസമയം, ഇവിടെ നടക്കുന്ന സംരംഭം വഴി മുപ്പതോളം പേർക്ക് തൊഴിൽ ലഭിക്കുന്നുണ്ടെന്നും, ഭൂമി കൃഷിക്ക് അനുയോജ്യമായി ഒരുക്കുന്നതിന്റെ ഭാഗമായാണ് ചെങ്കൽ നീക്കം ചെയ്യുന്നത് എന്നുമാണ് പ്രദേശത്തെ ചില പൊതുപ്രവർത്തകരുടെ വിശദീകരണം.




