സുരേഷ് ബാബുവിനെതിരായ പരാതിയെന്ത്? പ്രതികരിക്കാതെ പിണറായി, പാർട്ടി കോടതിയല്ലെന്ന് ശൈലജ, അറിയില്ലെന്ന് ഐസക്ക്, കഥകൾ മെനയരുതെന്ന് ഇപി

കോഴിക്കോട്: സി പി എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിനെ സ്ഥാനത്തുനിന്ന് മാറ്റിയ സംഭവത്തിൽ ലൈംഗിക പരാതിയുണ്ടോ എന്ന ചോദ്യത്തോട് കാര്യമായി പ്രതികരിക്കാതെ നേതാക്കൾ. കോഴിക്കോടും പത്തനംതിട്ടയിലും ഇടുക്കിയിലും സി പി എം വിശാല ജില്ലാ കമ്മിറ്റി യോഗങ്ങളിൽ പങ്കെടുക്കാനെത്തിയ നേതാക്കളെല്ലാം, വനിതാ പ്രവർത്തകയുടെ പരാതിയുണ്ടോ എന്ന കാര്യം വ്യക്തമാക്കിയില്ല. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ തയാറായില്ല. അതേസമയം മുതിർന്ന നേതാക്കളായ കെ കെ ശൈലജ, ഇ പി ജയരാജൻ, എം വി ജയരാജൻ, വി എൻ വാസവൻ, തോമസ് ഐസക് എന്നിവരും വിഷയത്തിൽ കൃത്യമായ മറുപടി നൽകിയില്ല. പാലക്കാട് എന്താണ് സംഭവിച്ചതെന്ന് തനിക്ക് അറിയില്ലെന്നും പത്തനംതിട്ടയിലാണ് താൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നുമാണ് കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക് പ്രതികരിച്ചത്. പാലക്കാട് വിഷയത്തിൽ ശക്തമായ ന്യായീകരണമാണ് ഇ പി ജയരാജൻ നടത്തിയത്. പാലക്കാട് സംഘടനാപരമായ നടപടിയാണ് എടുത്തതെന്നും കാര്യങ്ങൾ യഥാസമയം വിശദീകരിച്ചിട്ടും മാധ്യമങ്ങൾ ഇല്ലാത്ത കഥകൾ മെനയുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ സംഭവത്തെ സി പി എമ്മിനെ ആക്രമിക്കാനുള്ള അവസരമാക്കി മാറ്റാനാണ് ശ്രമിക്കുന്നതെന്നും ഇ പി അഭിപ്രായപ്പെട്ടു.
പാർട്ടി കോടതിയല്ല
അതേസമയം കാര്യങ്ങൾ വ്യക്തമായി പഠിക്കാതെ ഊഹങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികരിക്കാനില്ലെന്നാണ് കെ കെ ശൈലജ പറഞ്ഞത്. പാലക്കാട്ടെ പരാതിയെക്കുറിച്ച് തനിക്ക് അറിവില്ലെന്നും ജില്ലാതലത്തിലുള്ള വിഷയങ്ങൾ സംസ്ഥാന സെക്രട്ടറിയേറ്റിൽ എത്തിയാൽ മാത്രമേ തങ്ങൾ അറിയുകയുള്ളൂവെന്നും അവർ പറഞ്ഞു. പാർട്ടി കോടതിയല്ലെന്നും എന്നാൽ ചെറിയ തെറ്റുകളിൽ പോലും കർശന നടപടിയെടുക്കുന്ന പാരമ്പര്യമാണ് പാർട്ടിക്കുള്ളതെന്നും ശൈലജ ചൂണ്ടിക്കാട്ടി. കേസ് പൊലീസിന് കൈമാറേണ്ടതല്ലേ എന്ന ചോദ്യത്തിന് പരാതിക്കാരി തന്നെ പോലീസിനെ സമീപിക്കേണ്ടതല്ലേ എന്നായിരുന്നു ശൈലജയുടെ മറുപടി. സുരേഷ് ബാബുവിനെതിരെ കോൺഗ്രസ് നടത്തുന്ന പൂവൻകോഴി പ്രതിഷേധം അവരുടെ അവകാശമാണെന്നും അവർ കൂട്ടിച്ചേർത്തു. രാഹുൽ മാങ്കൂട്ടം വിഷയത്തിൽ തങ്ങൾ ചാടി കയറി അഭിപ്രായം പറഞ്ഞിട്ടില്ലെന്നും പാർട്ടി കാര്യങ്ങൾ പഠിച്ച് തീരുമാനം എടുക്കുമെന്നും ശൈലജ വിവരിച്ചു




